
അടൂര്‍: പച്ചമണ്ണെടുക്കുന്ന സംഘങ്ങള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടലും ഗുണ്ടായിസവും. കാര്‍ പൂര്‍ണമായി അടിച്ചു തകര്‍ത്തു. ഒരാള്‍ക്ക് മര്‍ദനമേറ്റു. എന്നിട്ടും നിസാര വകുപ്പുകള്‍ ചുമത്തി മാത്രം കേസെടുത്ത് പോലീസ്. അടിയുണ്ടാക്കിയവര്‍ രണ്ടും ഒരേ പാര്‍ട്ടിയുടെ പിന്തുണയുള്ളതിനാലാണ് കേസ് ഒതുക്കിയതെന്ന് ആക്ഷേപം.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ നൂറനാട് ആദിക്കാട്ടുകുളങ്ങര ചാമവിള കിഴക്കേതില്‍ എസ്. ഷൈജുവിന് നേരെയാണ് ആക്രമണം നടന്നത്. ഇയാള്‍ക്ക് മര്‍ദനമേറ്റു. കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പത്തനാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഏഴംകുളം മാങ്കൂട്ടം അഭിലാഷ് ഹോട്ടലില്‍ ഷൈജു ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു. ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ ഷൈജുവിന്റെ ബ്രസാ കാര്‍ അടൂരിലെ പച്ചമണ്ണ് എടുപ്പുകാരനായ ജിനുരാജും കണ്ടാല്‍ അറിയാവുന്ന മൂന്നുപേരും ചേര്‍ന്ന് ആള്‍ട്ടോ കാര്‍ കുറുകെയിട്ട് തടയാന്‍ ശ്രമിച്ചു. പന്തികേട് തോന്നിയ ഷൈജു കാര്‍ വെട്ടിച്ച് മാറ്റി പത്തനാപുരം ഭാഗത്തേക്ക് ഓടിച്ചു പോയി. ഈ സമയം ജിനുരാജും സംഘവും ആള്‍ട്ടോ കാറില്‍ പിന്തുടര്‍ന്ന് പുതുവല്‍ ജങ്ഷനില്‍ ഷൈജുവിന്റെ കാര്‍ തടഞ്ഞു.
ഷൈജുവിനെ വലിച്ചിറക്കി മര്‍ദിച്ചു. കമ്പിവടി ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് കാര്‍ പൂര്‍ണമായി അടിച്ചു തകര്‍ത്തു. ഷൈജു അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഷൈജു നൂറനാട് കേന്ദ്രീകരിച്ചും ജിനുരാജ് അടൂര്‍ കേന്ദ്രീകരിച്ചും പച്ചമണ്ണ് കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ്. ഇരുവരും ഭരണപ്പാര്‍ട്ടിയിലെ പ്രവര്‍ത്തകരും അനുഭാവികളുമാണ്. പട്ടാപ്പകല്‍ ഇത്രയും വലിയ അക്രമം നടുറോഡില്‍ നടന്നിട്ടും പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തതിന് കാരണവും ഇതാണ്.