ഒന്നിച്ച് ഒളിച്ചോടാന്‍ വന്നു: ബസ് സ്റ്റാന്‍ഡില്‍ വച്ച് കാമുകന്‍ മുങ്ങി: കരഞ്ഞു തളര്‍ന്ന യുവതിക്ക് തുണയായി വനിതാ പൊലീസ്‌

0 second read
Comments Off on ഒന്നിച്ച് ഒളിച്ചോടാന്‍ വന്നു: ബസ് സ്റ്റാന്‍ഡില്‍ വച്ച് കാമുകന്‍ മുങ്ങി: കരഞ്ഞു തളര്‍ന്ന യുവതിക്ക് തുണയായി വനിതാ പൊലീസ്‌
0

പത്തനംതിട്ട: ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി നാടുവിടാന്‍ കാമുകിയെയും കൂട്ടി ബസ് സ്‌റ്റേഷനില്‍ എത്തിയ യുവാവ് മാതാവ് വിളിച്ചു വിരട്ടിയപ്പോള്‍ മുങ്ങി. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ കാമുകനെ കാണാതെ കണ്ണീരൊഴുക്കിയ യുവതിയെ കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചതിന്‍ പ്രകാരം വനിതാ പോലീസെത്തി കൂട്ടിക്കൊണ്ടു പോയി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കാമുകനെയും കാമുകിയെയും അവരവരുടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനിലാണ് സംഭവം. ഒരു യുവതി തനിയെ നിന്നു കരയുന്നത് കണ്ട് സംശയം തോന്നിയ ബസ് സ്‌റ്റേഷന്‍ അധികൃതര്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് തനിക്കൊപ്പം വന്നയാള്‍ മൊബൈല്‍ഫോണും തന്നെ ഏല്‍പ്പിച്ച് പോയെന്നും ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ ആളെ കാണുന്നില്ലെന്നും യുവതി പറഞ്ഞത്. തുടര്‍ന്ന് വനിതാ സ്‌റ്റേഷനില്‍ നിന്ന് പോലീസ് എത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി.

തിരുവല്ലയില്‍ പഠിക്കുന്ന തുമ്പമണ്‍ സ്വദേശിയായ യുവതി (22) മലയാലപ്പുഴ സ്വദേശിയായ യുവാവുമായി ദീര്‍ഘനാളായി പ്രണയത്തിലാണ്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് നാടുവിടാന്‍ തീരുമാനിച്ചത്. ഇതിനായി ഇന്നലെ രണ്ടു പേരും പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി. ഒളിച്ചോടുന്നതിന് മുന്‍പ് അമ്മയെ വിളിച്ച് അനുഗ്രഹം തേടാന്‍ യുവാവ് തീരുമാനിച്ചു.

വിവരം അറിഞ്ഞ അമ്മ വിരട്ടിയതോടെ യുവാവ് ആശങ്കയിലായി. തുടര്‍ന്ന് തന്റെ മൊബൈല്‍ഫോണ്‍ യുവതിയുടെ കൈയില്‍ കൊടുത്ത ശേഷം ഇയാള്‍ സ്ഥലം വിടുകയായിരുന്നു. വനിതാ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച യുവതിയുടെ മൊഴി പ്രകാരം രണ്ടു വീട്ടുകാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിനിടെ മുങ്ങിയ യുവാവുമെത്തി. തുടര്‍ന്ന് രണ്ടു പേരെയും അതാത് വീട്ടുകാര്‍ക്കൊപ്പം പോലീസ് വിട്ടയച്ചു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…