ഇടുക്കി: കടുത്ത വേനലില്‍ ഏലം കരിഞ്ഞുണങ്ങി ആദായം നഷ്ടപ്പെട്ട കര്‍ഷകര്‍ ഇനി നേരിടാന്‍ പോകുന്നത് പുതിയ കൃഷിയിറക്കാനുള്ള തട്ടയുടെ (തൈ) ക്ഷാമം. മുമ്പ് 150 മുതല്‍ 200 രൂപ വരെ ആയിരുന്ന തട്ട വില 400-500 രൂപയിലേക്കും എത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഹൈറേഞ്ചില്‍ ചുരുക്കം സ്ഥലങ്ങളിലൊഴികെ മിക്കയിടത്തും ഏലം പൂര്‍ണമായോ ഭാഗികമായോ കരിഞ്ഞ് നശിച്ച അവസ്ഥയാണ്.
ആദായം രണ്ട് വര്‍ഷത്തേക്ക് പൂര്‍ണമായും ഇല്ലാതായതിനോടൊപ്പം പുനര്‍ കൃഷിക്ക് ഏലം തട്ടകള്‍ക്ക് കനത്ത ക്ഷാമവും നേരിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏലം തട്ട ലഭിച്ചാല്‍ത്തന്നെ കനത്ത വില നല്‍കേണ്ടിവരും. മുന്‍പ് ഇരുപത്തിയഞ്ച് മുതല്‍ നൂറും നൂറ്റമ്പതും രൂപ വരെ, നല്ലയിനത്തില്‍ പെട്ട ഏല തട്ടയ്ക്ക് വിലയുണ്ടായിരുന്നു. ഇക്കുറി ഇത് ഇരട്ടിയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
മഴക്കാലം എത്തുന്നതോടെ ഏലം വിളവെടുപ്പും തോട്ടങ്ങളിലെ പണിയും സജീവമാകേണ്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ കര്‍ഷകര്‍ പുനര്‍ കൃഷിക്ക് പിന്നാലെ പായേണ്ടി വരും. ലോണെടുത്തും കടം വാങ്ങിയും ഏലം കൃഷിയില്‍ പ്രതീക്ഷ വച്ചിരുന്നവര്‍ വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
ബാങ്കുകളിലെ അടക്കമുള്ള കടബാധ്യതകള്‍ മിക്ക ഏലം കര്‍ഷകര്‍ക്കും ഉണ്ട്. ഈ ബാധ്യതകളില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. നാട്ടിന്‍പുറങ്ങളിലും തമിഴ്‌നാട്ടിലും നിന്ന് നിരവധിപ്പേര്‍ ഏലത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തിരുന്നു. നഷ്ടം നേരിട്ടതോടെ മിക്കവരും തോട്ടം ഉപേക്ഷിച്ചിട്ടുണ്ട്.