പത്തനംതിട്ട: അനിശ്ചിതത്വങ്ങളുടെ നടുവിലാണ് പതിയ അധ്യയന വര്‍ഷം
ആരംഭിക്കുന്നതെന്ന് അധ്യാപക സംഘടന. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ദീര്‍ഘകാലമായുള്ള പല പ്രതിസന്ധികളും പരിഹരിക്കപ്പെടാതെ കിടക്കുന്നതായാണ് ഇവരുടെ പരാതി. പുറമെ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും. എല്ലാം കൂടി കുഴഞ്ഞു മറിയുകയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിദ്യാലയങ്ങള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയെങ്കിലും മിക്ക സ്‌കൂളുകളിലും ഇപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ല. ഉള്ളിടത്താകട്ടെ റേഞ്ച് കിട്ടുന്നുമില്ല. കെ-ഫോണ്‍ ഉടനെ നിലവില്‍ വരും എന്ന ന്യായം പറഞ്ഞ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ് സ്‌കൂളുകളില്‍ ഉണ്ടായിരുന്ന ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഭൂരിഭാഗം സ്‌കൂളുകളിലും കെ ഫോണ്‍ ലഭ്യമാക്കിയിട്ടില്ല. പകരം സംവിധാനവും ഒരുക്കിയിട്ടില്ല. പ്രമോഷന്‍, അഡ്മിഷന്‍, ടി.സി വിതരണം എന്നിവ തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സമയത്ത് പോലും ഇന്റര്‍നെറ്റ് ഇല്ലാതെ പ്രതിസന്ധിയിലാണ് സ്‌കൂള്‍ അധികൃതര്‍.
ഉച്ചഭക്ഷണ വിതരണം പ്രഥമാധ്യാപകരുടെ മാത്രം ചുമതലയായി മാറിയിട്ട്
വര്‍ഷങ്ങളായി. ആഴ്ചയിലെ അഞ്ചു പ്രവൃത്തി ദിവസത്തേക്ക് ഒരു കുട്ടിക്ക്
സര്‍ക്കാര്‍ അനുവദിക്കുന്ന 40 രൂപയില്‍ പാലിനും മുട്ടയ്ക്കും വേണ്ടി 23 രൂപ
മാറ്റി വച്ചു കഴിഞ്ഞാല്‍ ബാക്കി 17 രൂപ ഉപയോഗിച്ച് വേണം അഞ്ചുദിവസത്തെ
ഊണിനുള്ള എല്ലാ ചെലവുകളും കണ്ടെത്താന്‍. 2016 ല്‍ നിശ്ചയിച്ച ഈ നിരക്ക് അനുസരിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടിട്ടും മുഖം തിരിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ഈ തുക തന്നെ കൃത്യസമയത്ത് അനുവദിക്കുന്നുമില്ല.
ബാങ്ക് ലോണ്‍ എടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും സഹപ്രവര്‍ത്തകരില്‍ നിന്ന് കടം വാങ്ങിയും മനസമാധാനവും
ആത്മാഭിമാനവും നഷ്ടപ്പെടുത്തിയാണ് പ്രഥമാധ്യാപകര്‍ ഈ ഉത്തരവാദിത്വം
നിര്‍വഹിക്കുന്നത് എന്നും ആക്ഷേപമുണ്ട്. എസ്.എസ്.കെ മുഖേനെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്ന സ്‌കൂള്‍ ഗ്രാന്റ് കഴിഞ്ഞവര്‍ഷം അനുവദിച്ചിട്ടില്ല. എല്ലാ സ്‌കൂളുകള്‍ക്കും അഡ്വാന്‍സ് തുകയായി 5000 രൂപയാണ് അനുവദിച്ചത്. ബാക്കി തുക ഉടനെ അനുവദിക്കും എന്ന ഉറപ്പില്‍ സ്‌കൂളില്‍ വിവിധ ജോലികള്‍ ചെയ്യിച്ച ഇനത്തില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വലിയ തുക ലഭിക്കാനുണ്ട്.
എം.എല്‍.എ, എം.പി ഫണ്ടുകളില്‍നിന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുവദിച്ച സ്‌കൂള്‍ വാഹനങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ്, ടാക്‌സ് ഇനങ്ങളിലായി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഈ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെങ്കിലും അനുകൂല പ്രതികരണം വന്നിട്ടില്ല. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കേണ്ട ബില്‍ഡിങ് അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, ഫര്‍ണിച്ചറുകളുടെ കേടുപാടുകള്‍ തീര്‍ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ഫണ്ട് അനുവദിക്കാതെ സര്‍ക്കുലര്‍ മാത്രം ഇറക്കി തടി തപ്പുന്ന സമീപനമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെത്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍
സെക്രട്ടറി ഇ.ടി.കെ. ഇസ്മയില്‍, ഷീബ കെ. മാത്യു, എസ്.എസ്.ഷൈന്‍, ആര്‍.
ശ്രീജിത്ത്, കെ. രാജീവന്‍, സി. ഉഷാദേവി, പി.അയച്ചാമി എന്നിവര്‍ പ്രസംഗിച്ചു.