കോഴഞ്ചേരി: ചെടികളുടെയും പൂക്കളുടെയും പരിപാലനം ഒരു ചികിത്സ
മാര്‍ഗമാക്കി ഭിന്നശേഷി കുട്ടികള്‍ക്ക് നല്‍കിയ എസ്.എസ്.എയുടെ പദ്ധതിയുടെ ഭാഗമായി തങ്ങള്‍ നട്ട് വളര്‍ത്തിയ ചെടികള്‍ പുഷ്പിച്ചത് കാണാന്‍ ആഘോഷമായി അവര്‍ എത്തി. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സമഗ്ര പുരോഗതിക്കും മാനസിക സന്തോഷത്തിനും വേണ്ടി സമഗ്ര ശിക്ഷ കേരളയും കോഴഞ്ചേരി ബിആര്‍സിയും ചേര്‍ന്നാണ് സൂര്യകാന്തി ചെടി തോട്ടം ഒരുക്കിയത്. ഇതിനുള്ള പ്രത്യേകത ഗ്രോബാഗുകളില്‍ ആണ് തോട്ടം എന്നുള്ളതാണ്.
500 ഗ്രോ ബാഗുകളിലാണ് ചെടികള്‍ നട്ടത്. ഇപ്പോള്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് മനോഹര കാഴ്ച തന്നെയാണ്. ഇത് ഭിന്നശേഷി കുട്ടികളുടെ ശാരീരിക മാനസിക വെല്ലുവിളികള്‍ നീക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ചെടികളെയും പൂക്കളെയും പരിപാലിക്കുകയും അവയുടെ വളര്‍ച്ചയെ അടുത്തറിയുകയും ചെയ്യുന്ന ജൈവ സൗഖ്യ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ആണ് ഇവിടെ പ്രയോഗിക്കുന്നത്. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസും ബിആര്‍സി സ്‌പെഷല്‍ എജ്യുക്കേറ്ററും സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവുമായ
പ്രിയ പി. നായരുമാണ് തോട്ടം ഇത്ര മനോഹരമാക്കിയതിന് പിന്നില്‍.
ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് സൂര്യകാന്തികള്‍
പുഷ്പിച്ചത് ആഘോഷമാക്കിയത്.