തനിച്ചു താമസിക്കുന്ന വയോധികയുടെ ഒന്നരപവന്റെ മാല കവര്‍ന്നു: രണ്ടു പ്രതികള്‍ കൂടല്‍ പോലീസിന്റെ പിടിയില്‍

0 second read
Comments Off on തനിച്ചു താമസിക്കുന്ന വയോധികയുടെ ഒന്നരപവന്റെ മാല കവര്‍ന്നു: രണ്ടു പ്രതികള്‍ കൂടല്‍ പോലീസിന്റെ പിടിയില്‍
0

പത്തനംതിട്ട: തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ രാത്രി അതിക്രമിച്ചുകടന്ന് മാല പിടിച്ചുപറിച്ച പ്രതികളെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ പുത്തന്‍വീട്ടില്‍ അനൂപ്(22), കുന്നിട ചെളിക്കുഴി നെല്ലിവിളയില്‍ വീട്ടില്‍ ഗോകുല്‍ കുമാര്‍(28)എന്നിവരെയാണ് പ്രത്യേക സംഘം ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.

ഒറ്റയ്ക്ക് താമസിക്കുന്ന കഞ്ചോട് സ്വദേശിനി തങ്കമ്മ(78)യെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഉറങ്ങിക്കിടന്നപ്പോഴാണ് വീടിന്റെ വാതില്‍ ചവുട്ടിത്തുറന്ന് ഭീഷണിപ്പെടുത്തി മോഷ്ടാക്കള്‍ മാല പറിച്ചെടുത്തത്. ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്.

ഭയന്നുപോയ തങ്കമ്മ പിറ്റേന്ന് ബന്ധുക്കളുടെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു. ബന്ധുക്കള്‍ കൂടല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും, തങ്കമ്മയുടെ മൊഴിപ്രകാരം പോലീസ് കേസ് എടുക്കുകയുമായിരുന്നു. തുടര്‍ന്ന്, എസ് ഐ കെ ആര്‍ ഷെമിമോളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശപ്രകാരം കോന്നി ഡിവൈ. എസ്.പി നിയാസിന്റെ മേല്‍നോട്ടത്തിലും കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെരുമ്പാവൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. അനൂപ് മുന്‍പും മോഷണകേസുകളില്‍ പ്രതിയായിട്ടുണ്ട്, ഇയാള്‍ക്കെതിരെ കാപ്പ പ്രകാരമുള്ള നിയമനടപടികള്‍ തുടര്‍ന്നുവരുന്നതിനിടെയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ മാല വിറ്റ കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പ്രത്യേക അന്വേഷണസംഘത്തില്‍ എസ് ഐ ഷെമിമോളെ കൂടാതെ എസ് ഐ ചന്ദ്രമോഹന്‍, എ എസ് ഐ വാസുദേവകുറുപ്പ്, പോലീസ് ഉദ്യോഗസ്ഥരായ അനികര്‍മ, വിന്‍സെന്റ് സുനില്‍, ഷാജഹാന്‍, സുനില്‍, ഗോപകുമാര്‍, എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…