കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ അഴിമതി മേളം: റവന്യൂ അണ്ടര്‍ സെക്രട്ടറിയുടെ അണ്ടര്‍ കവര്‍ ഓപ്പറേഷനില്‍ കുടുങ്ങി തഹസില്‍ദാരും ഡെപ്യൂട്ടിയും ഡ്രൈവറും: സസ്‌പെന്‍ഷനിലായ മൂവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശ

0 second read
Comments Off on കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ അഴിമതി മേളം: റവന്യൂ അണ്ടര്‍ സെക്രട്ടറിയുടെ അണ്ടര്‍ കവര്‍ ഓപ്പറേഷനില്‍ കുടുങ്ങി തഹസില്‍ദാരും ഡെപ്യൂട്ടിയും ഡ്രൈവറും: സസ്‌പെന്‍ഷനിലായ മൂവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശ
0

കൊട്ടാരക്കര: മണ്ണു-ക്വാറി മാഫിയയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി കൈപ്പറ്റുന്നുവെന്ന പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ എം.കെ. അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇന്‍സ്‌പെക്ഷന്‍) വി. അനില്‍കുമാര്‍, ഡ്രൈവര്‍ ടി. മനോജ് എന്നിവരെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ കൊട്ടാരക്കര കുളക്കട ശ്രീനിലയം വീട്ടില്‍ കെ.ജെ. രാധാകൃഷ്ണപിള്ള നല്‍കിയ പരാതിയില്‍ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അണ്ടര്‍ കവര്‍ ഓപ്പറേഷനിലാണ് കൊട്ടാരക്കര താലൂക്കിലെ ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടിയത്. റവന്യൂമന്ത്രിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വേഷം മാറി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.  മേയ് 30 നാണ് സംഘം കൊട്ടാരക്കര താലൂക്ക് ഓഫീസിലും പരിസരത്തും അന്വേഷണത്തിന് ചെന്നത്.

പൊതുജനങ്ങളോട് അന്വേഷിച്ചപ്പോള്‍ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ക്വാറി, മണ്ണു കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വന്‍ തുകയുടെ ക്രയവിക്രയം നടക്കുന്നുവെന്ന് മനസിലായി. തഹസില്‍ദാര്‍ അജികുമാറിന്റെ നിര്‍ദേശ പ്രകാരം പണം പിരിച്ചു നല്‍കുന്നത് താല്‍ക്കാലിക ഡ്രൈവര്‍ മനോജ് ആണെന്ന് വ്യക്തമായി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റവന്യൂ (സി ആന്‍ഡ് ഡിഎ) അണ്ടര്‍ സെക്രട്ടറി െകാട്ടാരക്കര താലൂക്കിലെ കുമ്മിള്‍ വില്ലേജിലുള്ള ക്വാറി വാങ്ങാന്‍ ഉദ്ദേശിക്കുന്നയാളുടെ ഏജന്റ് എന്ന വ്യാജേനെ തഹസില്‍ദാറെ സമീപിച്ചു. താന്‍ കാശ് വാങ്ങി എല്ലാവരെയും സഹായിക്കുന്നയാളാണെന്ന് തഹസില്‍ദാര്‍ തുറന്നു സമ്മതിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കുന്നതിനും ഇരുപക്ഷത്തിനും സ്വീകാര്യമായ തീര്‍പ്പിലെത്തുന്നതിനും യഥാര്‍ഥ ഉടമയുമായി നേരിട്ട് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു. ഡ്രൈവര്‍ മനോജ് സൂചിപ്പിച്ച കാര്യം പരാമര്‍ശിച്ചപ്പോള്‍ അതൊക്കെ വൈകുന്നേരം മനോജിനെ വിളിച്ച് ഉറപ്പിക്കാനാണ് തഹസില്‍ദാര്‍ നിര്‍ദേശിച്ചത്.

വാങ്ങാനുദ്ദേശിക്കുന്ന ക്വാറിയുടെ കരം അടച്ച രസീത് തനിക്ക് വാട്‌സാപ്പ് ചെയ്തു തന്നാല്‍ വിശദവിവരങ്ങള്‍ അറിയിക്കാമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി അനില്‍കുമാര്‍ അറിയിച്ചു. നിലവില്‍ ചില കേസുകളും എതിപ്പുകളും ഉള്ള ക്വാറിയാണ് ഇതെങ്കിലും പ്രശ്‌നം പരിഹരിക്കാവുന്നതാണെന്നും അതിന് എന്താണ് ചെയ്യേണ്ടതെന്ന് പറയാമെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു. തുകയുടെ കാര്യവും മറ്റും തഹസില്‍ദാരുമായി സംസാരിക്കുമ്പോള്‍ ഇദ്ദേഹവും സന്നിഹിതനായിരുന്നു. തഹസില്‍ദാരുമായി സംസാരിക്കുന്നതിന് മുന്‍പും ശേഷവും ഓരോരുത്തര്‍ക്കും കൊടുക്കേണ്ട തുകയുടെ കണക്കും താല്‍ക്കാലിക ഡ്രൈവര്‍ മനോജ് വ്യക്തമാക്കി.

തഹസില്‍ദാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മനോജ് ഏജന്റായി ചമഞ്ഞ അണ്ടര്‍ സെക്രട്ടറിയെ വിളിച്ച് തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി. തഹസില്‍ദാര്‍ക്ക് ഏഴരലക്ഷം, ഡെപയൂട്ടി തഹസില്‍ദാര്‍ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടര ലക്ഷം. ആകെ പത്തു ലക്ഷം നല്‍കണം. വില്ലേജ് ജീവനക്കാര്‍ക്ക് ഇതിന് പുറമേ ചെറിയ തുക നല്‍കണം. അണ്ടര്‍ സെക്രട്ടറി രാത്രി വീണ്ടും തഹസില്‍ദാരെ ഫോണില്‍ ബന്ധപ്പെട്ടു. മനോജ് പറഞ്ഞ തുകയുടെ കണക്ക് തനിക്ക് അറിയില്ലെന്നും എന്നാല്‍ താന്‍ സഹായിക്കാമെന്നും ക്വാറി വാങ്ങാന്‍ ഉദ്ദേശിക്കുന്നയാളുമായി തിങ്കളാഴ്ച നേരില്‍ കാണാമെന്നും തഹസില്‍ദാര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും ഡ്രൈവര്‍ മനോജിനെ ഫോണില്‍ ബന്ധപ്പെട്ടു. താന്‍ തഹസില്‍ദാറുമായി സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്തിയിട്ടുണ്ടെന്നും പറഞ്ഞ തുക കൊണ്ടു വന്നാല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ച ഫയല്‍ നീക്കത്തിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും മനോജ് വ്യക്തമാക്കി. തഹസില്‍ദാര്‍ നേരിട്ട് പണം വാങ്ങില്ലെന്നും താന്‍ വഴിയാണ് എല്ലാ ഇടപാടുകളെന്നും മനോജ് അറിയിച്ചു. അധികം പരിചയം ഇല്ലാത്ത ആളായതിനാലാണ് തഹസില്‍ദാര്‍ ഒന്നും വിട്ടു പറയാത്തത്. ഇത് ക്വാറി തുടങ്ങാനുള്ള തുക മാത്രമാണെന്നും പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രതിമാസം ഒന്നര മുതല്‍ രണ്ടര ലക്ഷം രൂപ വരെ തഹസില്‍ദാര്‍ക്ക് എത്തിക്കണമെന്നും മനോജ് പറഞ്ഞു. പണം കൈമാറുന്നതിന് സിസിടിവി ഇല്ലാത്ത ചില പ്രത്യേക സ്ഥലങ്ങള്‍ തന്റെ വീടിന് സമീപത്തുണ്ടെന്നും അതു കൊണ്ട് തഹസില്‍ദാര്‍ക്ക് പണം നല്‍കുന്നവര്‍ക്ക് എല്ലാം സുരക്ഷിതമായിരിക്കുമെന്നും മനോജ് പറഞ്ഞിരുന്നു.

താല്‍ക്കാലിക ഡ്രൈവര്‍ മനോജിന് പുറമേ വകുപ്പിലെ സ്ഥിരം ഡ്രൈവര്‍ ടി. മനോജ് തഹസില്‍ദാര്‍ക്ക് വേണ്ടി കൈക്കൂലി വാങ്ങുന്നതിന് ഒത്താശ ചെയ്തിരുന്നുവെന്നും കണ്ടെത്തി. നിലവില്‍ താല്‍ക്കാലിക ഡ്രൈവര്‍ മനോജിനെ മറയാക്കിയാണ് തഹസില്‍ദാര്‍ പണപ്പിരിവ് നടത്തുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാറിനും ഇതിന്റെ വിഹിതം ലഭിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായി.

ഏജന്റ് എന്ന വ്യാജേനെ അണ്ടര്‍ സെക്രട്ടറി തഹസില്‍ദാറുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡും ഡ്രൈവര്‍ മനോജുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡും തെളിവുകളായി സമാഹരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസില്‍ദാര്‍ എം.കെ. അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇന്‍സ്‌പെക്ഷന്‍) വി. അനില്‍കുമാര്‍, ഡ്രൈവര്‍ ടി. മനോജ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. താല്‍ക്കാലിക ഡ്രൈവര്‍ മനോജിനെ പിരിച്ചു വിടാനും ഉത്തരവിട്ടു. ഇയാളുടെ വാഹനം താലൂക്കിലെ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കിയിരിക്കുയാണെങ്കില്‍ അടിയന്തിരമായി വാടക കരാര്‍ റദ്ദാക്കാനും കൊല്ലം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷനിലായ മൂന്നു പേര്‍ക്കുമെതിരേ റവന്യൂ വിജിലന്‍സ് വകുപ്പിന്റെ അന്വേഷണം നടത്താനും ഉത്തരവുണ്ട്്.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന ക്വാറിക്ക് പോലും വന്‍തുക കൈക്കൂലി വാങ്ങുന്ന വിധത്തില്‍ ആഴമേറിയ അഴിമതിയാണ് കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…