പത്തനംതിട്ട: കണ്ണൂരിലെ കളളവോട്ടിന് ബദലായി പത്തനംതിട്ടയില്‍ കള്ളവോട്ട് വിവാദം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നടത്തിയ സിപിഎമ്മിന്റെ ശ്രമം പാളി. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗത്തിനെതിരേ കള്ളക്കേസ് എടുത്തെങ്കിലും അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ പോലീസ് പ്രതിപ്പട്ടികയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. യഥാര്‍ഥ കുറ്റവാളികളായ പോളിങ് ഉദ്യോഗസ്ഥരെയും ആറന്മുള ഉപവരണാധികാരിയെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെയും അഭിഭാഷകന്റെയും പോരാട്ടം. വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെളിവാക്കുന്നത് ആബ്‌സന്റീ വോട്ടിന്റെ പേരില്‍ നടന്ന വന്‍ ക്രമക്കേടുകളാണ്.
മരിച്ചു പോയ ഭര്‍തൃമാതാവിന്റെ വോട്ട് കിടപ്പു രോഗിയായ മരുമകള്‍ ചെയ്തതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നാണ് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മെഴുവേലി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സി.എസ്. ശുഭാനന്ദനെയാണ് ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി പത്തനംതിട്ട ഡിവൈ.എസ്.പി ബി. വിനോദ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആറന്മുള നിയോജമണ്ഡലത്തിലെ 144-ാം നമ്പര്‍ ബൂത്തിലെ ആബ്‌സന്റീ വോട്ട് ചെയ്ത സംഭവമാണ് പിന്നീട് വിവാദമായത്. കാരിത്തോട്ട വാഴയില്‍ വടക്കേച്ചരുവില്‍ വീട്ടില്‍ കിടപ്പുരോഗിയായ അന്നമ്മ മാത്യു (66) ആബ്‌സന്റീ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതേ അഡ്രസില്‍, അന്നമ്മ മാത്യു എന്നു തന്നെ പേരുള്ള ഭര്‍തൃമാതാവിന്റെ പേരും ക്രമനമ്പരുമാണ് ബി.എല്‍.ഓ ആബ്‌സന്റി വോട്ടിനുളള അപേക്ഷയില്‍ എഴുതിയിരുന്നത്. അതു കൊണ്ടു തന്നെ ആ പേരിലും ക്രമനമ്പരിലും കിടപ്പു രോഗിയായ അന്നമ്മ ആബ്‌സന്റീ വോട്ട് ചെയ്യുകയും ചെയ്തു. ബി.എല്‍.ഓ അമ്പിളിയും വാര്‍ഡ് മെമ്പര്‍ ശുഭാനന്ദനും ചേര്‍ന്ന് കള്ളവോട്ട് ചെയ്യിച്ചുവെന്നാരോപിച്ച് സി.പി.എം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി സി.കെ. ജയ നല്‍കിയ പരാതിയിലാണ് ഇരുവരെയും പ്രതികളാക്കി ഇലവുംതിട്ട പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയത് പോളിങ് ഓഫീസര്‍മാരും വരണാധികാരിയുമാണെന്നും തന്നെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ കളളക്കേസില്‍ കുടുക്കിയതാണെന്നും ചൂണ്ടിക്കാട്ടി ശുഭാനന്ദന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ ഇലവുംതിട്ട എസ്.എച്ച്.ഓ ടി.കെ. വിനോദ് കൃഷ്ണന്‍ ശുഭാനന്ദന് ഈ കേസില്‍ പങ്കില്ലെന്ന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അദ്ദേഹമാണ് ശുഭാനന്ദനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അഡ്വ. വി.ആര്‍. സോജി മുഖേനെ ശുഭാനന്ദന്‍ നിയമനടപടികളും ആരംഭിച്ചു. തനിക്കെതിരേ കള്ളപ്പരാതി നല്‍കിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.കെ. ജയ, ദൃശ്യമാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ച സി.പിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗം രാജി ദാമോദരന്‍ എന്നിവര്‍ക്കെതിരേ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശുഭാനന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
സി.പി.എം നിര്‍ദേശ പ്രകാരം പോലീസും ആറന്മുള ഉപവരണാധികാരിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കള്ളക്കേസിന് പിന്നിലെന്ന് അഡ്വ. വി.ആര്‍. സോജിയും സി.എസ്. ശുഭാനന്ദനും പറഞ്ഞു. യാതൊരു രേഖകളും സ്വീകരിക്കാതെയോ പരിശോധിക്കാതെയോ ആണ് അന്നമ്മ മാത്യുവിന് ഭര്‍തൃമാതാവിന്റെ വോട്ട് ചെയ്യാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്. ശരിക്കും ഈ കേസിലെ പ്രതികള്‍ ആറന്മുള ഉപവരണാധികാരിയും പോളിങ് ഉദ്യോഗസ്ഥരുമാണ്. അവര്‍ക്കെതിരേ വിചാരണ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും ശുഭാനന്ദന്റെ അഭിഭാഷകനായ വി.ആര്‍. സോജി പറഞ്ഞു.
ആബ്‌സന്റീ വോട്ടില്‍ വ്യാപക ക്രമക്കേടുകളെന്ന് അഡ്വ. വി.ആര്‍. സോജി
മെഴുവേലിയിലെ കള്ളവോട്ട് ആക്ഷേപവുമായി ബന്ധപ്പെട്ട് താന്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്ന് മെഴുവേലി പഞ്ചായത്തംഗം സി.എസ്. ശുഭാനന്ദന്റെ അഭിഭാഷകനായ വി.ആര്‍. സോജി പറഞ്ഞു. ശുഭാനന്ദനെതിരേ കള്ളക്കേസ് എടുത്തതുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച രേഖകളൊന്നും ആറന്മുള ഉപവരണാധികാരിയുടെ ഓഫീസില്‍ ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. ഒരാള്‍ ആബ്‌സന്റീ വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആവശ്യം വേണ്ട രേഖകളുണ്ട്. അവയൊന്നും തന്നെ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ആബ്‌സന്റീ വോട്ടര്‍മാര്‍ 12 സി, 12 ഡി ഫോമുകളിലാണ് അപേക്ഷിക്കേണ്ടത്. ഇവിടെ അന്നമ്മ മാത്യു കിടപ്പു രോഗിയായതിനാല്‍ 12 ഡി ഫോം ആണ് നല്‍കേണ്ടത്. ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിക്കുന്ന/അംഗീകരിച്ച ഒരു ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം ആവശ്യമാണ്. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കരുതെന്നാണ് ചട്ടം. ഈ സാക്ഷ്യപത്രമാണ് ഉപവരണാധികാരിയുടെ ഓഫീസില്‍ ലഭ്യമല്ലെന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ സാക്ഷ്യപത്രമില്ലാതെ വോട്ട് ചെയ്യാന്‍ അനുവദിച്ചുവെങ്കില്‍ അത് ഗൗരവകരമായ ക്രിമിനല്‍ കുറ്റമാണ്. ഉപവരണാധികാരിയും പോളിങ് ഉദ്യോഗസ്ഥരും ചെയ്തിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. യാതൊരു തെളിവും ഇല്ലാതെ വെറും ആരോപണം ഉന്നയിച്ച് ഒരു പരാതിയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊടുത്തത്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യാന്‍ മുഖ്യവരണാധികാരിയായ ജില്ലാ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ആറന്മുള ഉപവരണാധികാരി അയച്ച ഒരു ഇ-മെയില്‍ കിട്ടിയ ഉടന്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ചോദിച്ചപ്പോള്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ജില്ലയില്‍ ആബ്‌സന്റീ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വി.ആര്‍. സോജി ആരോപിച്ചു. ആറന്മുള ഉപവരണാധികാരിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ ക്രമക്കേട് അതിനുദാഹരണമാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ചീഫ് ഏജന്റുമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഇലക്ഷന്‍ കമ്മിഷന് ആറന്മുള ഉപവരണാധികാരിക്കെതിരേ പരാതി നല്‍കും. കോടതിയില്‍ നിയമ പോരാട്ടം തുടരുമെന്നും വി.ആര്‍. സോജി പറഞ്ഞു.