
പത്തനംതിട്ട: കടകളിലെത്തി ഉടമയുടെ പേര് പറഞ്ഞ് ജീവനക്കാരില്‍ നിന്ന് പണം തട്ടുന്ന വിരുതന്റെ തട്ടിപ്പ് തുടരുന്നു. ടി.കെ.റോഡില്‍ പത്തനംതിട്ട സഹകരണ ബാങ്ക് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ആസ്റ്റര്‍ മെഡി ലാബിന്റെ ബ്രാഞ്ചിലാണ് ഏറ്റവുമൊടുവില്‍ തട്ടിപ്പ് നടന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് മാന്യമായി എത്തിയ ആള്‍ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. ഇയാള്‍ മാസ്‌ക്കും ധരിച്ചിരുന്നു. സ്ഥാപനത്തിന്റെ ഉടമകളുടെ വിവരങ്ങള്‍ മനസിലാക്കി സ്ഥാപനത്തില്‍ എത്തുന്ന ഇയാള്‍ ഫോണില്‍ ഉടമയുമായി സംസാരിക്കുന്നതായി അഭിനയിക്കും.
തുടര്‍ന്ന് ഇവര്‍ പറഞ്ഞതാണെന്ന വ്യാജേന തന്മയത്വമായി ജീവനക്കാരില്‍ നിന്നും പണം തട്ടിയെടുക്കും. മെഡിക്കല്‍ ലാബിലും ഇതേ നാടകമാണ് നടന്നത്. പീന്നീടാണ് തട്ടിപ്പാണെന്ന് ജീവനക്കാരിക്ക് മനസിലായത്. ഇതേ തരത്തില്‍ നഗരത്തില്‍ മുന്‍പും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മല്ലപ്പള്ളി സ്വദേശിയായ രാജേഷ് ആണ് തട്ടിപ്പുകാരനെന്ന സൂചനയും ലഭിക്കുന്നു. ഇയാള്‍ മുന്‍പ് പല തവണ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്.