പത്തനംതിട്ട: ഏഴു മാസം മുന്‍പ് എടുത്ത വ്യക്തിഗത വായ്പ കുടിശികയാവുകയും തവണ അടയ്ക്കുന്നതിന് നല്കിയ ചെക്ക് മടങ്ങുകയും ചെയ്തപ്പോള്‍ പണം വാങ്ങാന്‍ തേടി വന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ ഉടമ പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചുവെന്ന് പരാതി. ബഹളം കേട്ട് വീടിനുള്ളിലുണ്ടായിരുന്ന പട്ടി ഇറങ്ങി വന്നതാണെന്നും ആരെയും കടിച്ചിട്ടില്ലെന്നും ഉടമ. ഇരുകൂട്ടരെയും അനുനയിപ്പിച്ച് പരാതി ഒത്തു തീര്‍പ്പാക്കാന്‍ പോലീസ്.
ചെന്നീര്‍ക്കര പഞ്ചായത്തിലാണ് സംഭവം. ഓമല്ലൂര്‍-ചെന്നീര്‍ക്കര പഞ്ചായത്ത് അതിര്‍ത്തിയായ ചീക്കനാലിലാണ് സംഭവം. സാം പി. വര്‍ഗീസ് എന്നയാളാണ് പട്ടിയെ അഴിച്ചു വിട്ടതായി പറയുന്നത്. പണമിടപാട് സ്ഥാപന മാനേജര്‍ അരുണ്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി.
പത്തനംതിട്ടയിലെ ബജാജ് ഫിനാന്‍സില്‍ നിന്നുമാണ് സാം വ്യക്തിഗത ലോണ്‍ എടുത്തത്. തവണ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ സാം പി. വര്‍ഗീസിന്റെ വീട്ടില്‍ എത്തി. ചെക്ക് മടങ്ങിയ സ്ഥിതിക്ക് പണം ഇപ്പോള്‍ അടയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുവത്രേ.
ഇതേ ചൊല്ലി ജീവനക്കാരും സാമും തമ്മില്‍ വാക്കേറ്റമായി. വാടാ പോടാ വിളിയും കൈയേറ്റ ശ്രമവും ഉണ്ടായി. വന്നവര്‍ വീട്ടില്‍ കയറി തന്നെ
ഭീഷണിപ്പെടുത്തിയതായി സാം പറഞ്ഞു. ബഹളം കേട്ട് വീട്ടിനുള്ളില്‍ നിന്നും കുടുംബാംഗങ്ങള്‍ കതക് തുറന്ന് പുറത്തു വന്നു. ഈ സമയത്ത് മുറിക്കുള്ളില്‍ ഉണ്ടായിരുന്ന നായയും പുറത്ത് ചാടി. നായ് ഉച്ചത്തില്‍ കുരച്ചു കൊണ്ട് ജീവനക്കാരുടെ അടുത്തേക്ക് ചാടി വീണതായി പറയുന്നു. ഒടുവില്‍ ഇവര്രക്ഷപ്പെട്ട് റോഡിലിറങ്ങി. പട്ടിയെ വിട്ട് കടിപ്പിച്ചതായി കാണിച്ച് പിന്നീട് ഇലവുംതിട്ട പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്കി. ഒന്നാം തീയതി ഇരു കൂട്ടരേയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരിക്കയാണ്. പട്ടി കുരച്ചു കൊണ്ട് ചെന്നതേയുള്ളൂ എന്നാണ് സാം പി.വര്‍ഗീസ് പറയുന്നത്. കടിച്ചുവെന്ന് ജീവനക്കാരും പറയുന്നു.