അടൂര്‍: വടക്കടത്തുകാവ് ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആല്‍മരച്ചുവട്ടില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ മുറിക്കുന്നതിനിടെ മരച്ചില്ലകള്‍ വീണ് തകര്‍ന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അപകടകരമായി നിന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടയായിരുന്നു സംഭവം. പ്രതിമ പൂര്‍ണമായും തകര്‍ന്നു.
കുട്ടികള്‍ക്ക് അപകടകരമാം വിധം സ്‌കൂള്‍ പരിസരത്ത് മരച്ചില്ലകള്‍ നിന്നിരുന്നു. ഇത് മുറിച്ചു മാറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ മരച്ചില്ല ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുകളിലേക്ക് വീഴുകയാണ് ചെയ്തതെന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 1934 ജനുവരി 19ന് ഗാന്ധിജി അടൂരില്‍ എത്തിയപ്പോള്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തത് വടക്കടത്തുകാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ ആല്‍മര ചുവട്ടില്‍ വച്ചായിരുന്നു. ഈ സമര സമ്മേളനത്തില്‍ സ്വാതന്ത്ര്യസമര പ്രഭാഷണം നടത്തുകയും ജനങ്ങളെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ അണിചേരാന്‍ ആഹ്വാനം ചെയ്തതുമായിട്ടാണ് ചരിത്ര രേഖകളില്‍ പറയുന്നത്.
ഗാന്ധിജി അടൂര്‍ താലൂക്കിലെ ഏക സ്വാതന്ത്ര്യ സമര പ്രഭാഷണം നടത്തിയതും വടക്കടത്തുകാവില്‍ വച്ചായിരുന്നു. ഇതിന്റെ ഒര്‍മ്മക്കായിട്ടാണ് ആല്‍മരച്ചുവട്ടില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിമ സ്ഥാപിച്ചത്. മരച്ചില്ല മുറിച്ച സമയം സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തില്ലയിരുന്നു എന്നാണ് വിവരം. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മരച്ചില്ലകള്‍ താഴെ വീണു കിടക്കുന്നതും ഒപ്പം പ്രതിമ തകര്‍ന്ന നിലയിലും സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയത്. ഗാന്ധിജിയുടെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ രാഷ്ര്ടീയ ലക്ഷ്യമുണ്ടെന്നും ഇതിന്റെ പിന്നിലെ ഉത്തരവാദികളെ കണ്ടെത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ് അടൂര്‍ എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കി.
മഹാത്മഗാന്ധി സ്മൃതി മണ്ഡപം തകര്‍ന്ന സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് യൂത്ത്‌കോണ്‍ഗ്രസ്. ഈ സംഭവത്തില്‍ കൃത്യവിലോപം ഉണ്ടായിട്ടുണ്ട്. മരിച്ചില്ലകളും കൊമ്പുകളും മുറിക്കാന്‍ പരിചയമുള്ളവരെയല്ല ചുമതലപ്പെടുത്തിയത്. സ്മൃതിമണ്ഡപം തകര്‍ന്ന സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും ഏറത്ത് മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി റിനോ പി.രാജന്‍, മണ്ഡലം പ്രസിഡന്റ് ബിഥുന്‍ പി.ബാബു, ചൂരക്കോട് ഉണ്ണിക്കൃഷ്ണന്‍, അരവിന്ദ് ചന്ദ്രശേഖര്‍, സാജന്‍ തടത്തില്‍, എസ്.ആര്‍ഷ എന്നിവര്‍ പ്രസംഗിച്ചു.