പത്തനംതിട്ട: മണ്ഡലത്തില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. കുറഞ്ഞ പോളിങും കോണ്‍ഗ്രസിലെ പടലപ്പിണക്കവും തോമസ് ഐസക്കിന് പ്രതീക്ഷയേകി. കഴിഞ്ഞ തവണത്തെ അടിസ്ഥാന വോട്ടുകളില്‍ കുറച്ചു മാത്രം വര്‍ധിപ്പിച്ചാല്‍ വിജയിക്കാമെന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയുടെ പ്രതീക്ഷയും അസ്ഥാനത്തായി. ആന്റോ ആന്റണി അടിച്ചു കയറിയപ്പോള്‍ നാലാമൂഴത്തില്‍ രാജകീയ വിജയം.
ഇടതുപക്ഷത്തിന്റെ എം.എല്‍.എമാരുള്ള ഏഴ് അസംബ്ലി മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടിയാണ് ആന്റോയുടെ വിജയം. വോട്ടിങ് വിഹിതത്തിലും 2019 നെ അപേക്ഷിച്ച് യു.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോള്‍ എല്‍.ഡി.എഫിന് ഒരിഞ്ചു പോലും മുന്നോട്ട് പോകാനായില്ല. എന്‍.ഡി.എയ്ക്ക് ആകട്ടെ വോട്ടിങ് വിഹിതത്തില്‍ നാലു ശതമാനത്തിന്റെ കുറവുണ്ടായി. പോളിങ് ശതമാനം കുറഞ്ഞതും കോണ്‍ഗ്രസിലെ പടലപ്പിണക്കവും തോമസ് ഐസക്കിനെപ്പോലുള്ള ശക്തനായ എതിരാളിയും ആന്റോയുടെ വിജയത്തിന് വിലങ്ങു തടിയാകുമെന്ന കരുതി. എന്നാല്‍ 66119 എന്ന മികച്ച ഭൂരിപക്ഷത്തില്‍ ആന്റോ നാലാം വട്ടവും പത്തനംതിട്ടയുടെ അധിപനായി.
2014, 2019 തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തില്‍ ക്രമാനുഗതമായ കുറവ് നേരിടേണ്ടി വന്ന ആന്റോ ഇക്കുറി പക്ഷേ, 22000 ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ 44,243 മാത്രമായിരുന്നു ആന്റോയുടെ ഭൂരിപക്ഷം. 2014 ല്‍ ഇത് 56191 ആയിരുന്നു. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന 2009 ലെ തെരഞ്ഞെടുപ്പില്‍ 1,11,206 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു തുടങ്ങിയതാണ് ആന്റോ. ഇടയ്ക്കുള്ള രണ്ടു തവണ ഭൂരിപക്ഷം പിന്നാക്കം പോയെങ്കിലും ഇക്കുറി തന്റെ രണ്ടാമത്തെ മികച്ച ഭൂരിപക്ഷത്തിലെത്താന്‍ ആന്റോയ്ക്കായി.
ആകെ പോള്‍ ചെയ്ത 9,21,565 വോട്ടില്‍ ആന്റോ ആന്റണി 3,67,623 വോട്ട് നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് 301504 വോട്ടും എന്‍.ഡി.എയിലെ അനില്‍ ആന്റണിക്ക് 234406 വോട്ടും ലഭിച്ചു.
ഒരു പാട് പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും മികച്ച വിജയം നേടാന്‍ ആന്റോയ്ക്കായി. എം.പി എന്ന നിലയില്‍ മൂന്നു തവണ പരാജയമായിട്ടും നാലാമൂഴത്തില്‍ മത്സരിക്കുന്നുവെന്നതായിരുന്നു ഏറ്റവും വലിയ വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലും പുറത്തും അദ്ദേഹത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പാര്‍ട്ടി സംവിധാനം പരാജയപ്പെട്ട ഇടത്താണ് ആന്റോ വിജയം കണ്ടതെന്നതും എടുത്തു പറയേണ്ടതാണ്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താണ് തന്റെ വിജയമെന്നാണ് ആന്റോ പറയുന്നത്. കുറഞ്ഞ പോളിങ് ശതമാനവും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സാന്നിധ്യവും ചിട്ടയായ പ്രവര്‍ത്തനവും തന്നെ തുണയ്ക്കുമെന്ന തോമസ് ഐസക്കിന്റെ കണക്കു കൂട്ടലുകള്‍ തെറ്റി. മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയുടെ മകന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് പ്രചാരണത്തിന് വന്നതും മാറിയ രാഷ്ട്രീയ-സാമുദായിക സാഹചര്യവുമൊക്കെ അനില്‍ കെ. ആന്റണിയെ വിജയിപ്പിക്കുമെന്നായിരുന്നു എന്‍.ഡി.എയുടെ പ്രതീക്ഷ. എന്നാല്‍, കഴിഞ്ഞ തവണ കെ. സുരേന്ദ്രന്‍ നേടിയ വോട്ടുകള്‍ക്കൊപ്പം എത്താന്‍ അനിലിന് കഴിയാതെ പോയി. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വിവാദങ്ങളും എന്‍.ഡി.എയ്ക്ക് തിരിച്ചടിയായി.
മണ്ഡലത്തിലെ പൂഞ്ഞാര്‍ മൂന്നിലവ് സ്വദേശിയായ ആന്റോ ആന്റണി എം.പിയായതു മുതല്‍ പത്തനംതിട്ടയില്‍ സ്ഥിരതാമസമാണ്. കുരുവിള ആന്റണിയും ചിന്നമ്മ ആന്റണിയുമാണ് മാതാപിതാക്കള്‍. പാലാ സെന്റ് തോമസ് കോളജ്, കേരള ലോ അക്കാഡമി, എറണാകുളം ലോ കോളജ്, രാജഗിരി കോളജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നടത്തി. യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും വിവിധ പദവികള്‍ വഹിച്ചു. കോട്ടയം ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഗ്രേസ്. മക്കള്‍: മെറിന്‍ അന്ന ആന്റണി, കെവിന്‍ ജോര്‍ജ് ആന്റണി.
വോട്ടിങ് നില ഇങ്ങനെ:
ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച ഇവിഎം വോട്ട്, പോസ്റ്റല്‍ വോട്ട്, ആകെ വോട്ട്, ശതമാനം എന്ന ക്രമത്തില്‍
ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് )
360957, 6666 367623 39.98%
ഡോ. തോമസ് ഐസക് (സി പി ഐ എം)
297888 3616 301504 32.79%
അനില്‍ ആന്റണി ( ബിജെപി )
231172 3234 234406 25.49%
അഡ്വ പി.കെ. ഗീതാകൃഷ്ണന്‍ (ബി. എസ്.പി)
3918 54 3972 0.43%
ജോയി പി മാത്യു (പി. പി. ഐ സെക്കുലര്‍)
1173 8 1181 0.13%
കെ സി. തോമസ് (സ്വത.)
1080 21 1101 0.12
അഡ്വ. ഹരികുമാര്‍ എം കെ ( അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)
735 27 762 0.08%
അനൂപ് വി (സ്വത.)
557 52 609 0.07%
നോട്ട
8268 143 8411 0.91%
ആകെ
905748 15817 921565