ആവേശത്തേരിലേറി പിറന്നാള്‍ ആഘോഷം: വാള്‍ കൊണ്ട് കേക്കു മുറിച്ച് ആകെ അര്‍മാദം: വീഡിയോ വൈറല്‍ ആയതോടെ യുവാവ് പുലിവാല്‍ പിടിച്ചു: അത് വടിവാള്‍ അല്ല തടിവാളെന്ന് പോലീസ്

0 second read
Comments Off on ആവേശത്തേരിലേറി പിറന്നാള്‍ ആഘോഷം: വാള്‍ കൊണ്ട് കേക്കു മുറിച്ച് ആകെ അര്‍മാദം: വീഡിയോ വൈറല്‍ ആയതോടെ യുവാവ് പുലിവാല്‍ പിടിച്ചു: അത് വടിവാള്‍ അല്ല തടിവാളെന്ന് പോലീസ്
0

പത്തനംതിട്ട: ജന്മദിനാഘോഷം ആവേശം മോഡലിലാക്കാന്‍ ശ്രമിച്ച യുവാവിന് വിനയായി വാള്‍ കൊണ്ട് കേക്കു മുറിക്കുന്ന രംഗങ്ങള്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ പോലീസ് ഇടപെട്ടു. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച വടിവാള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. തൊണ്ടി വടിവാളല്ല, തടി വാളാണെന്ന് കണ്ട പോലീസ് അത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കുളനട പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുന്നക്കുന്ന് ആല്‍ത്തറപ്പാട് അജീഷ് ഭവനം അജീഷാ(38)ണ് പിറന്നാള്‍ ആഘോഷിച്ച പുലിവാല്‍ പിടിച്ചത്. പാണില്‍ കമ്യൂണിറ്റി ഹാളിലാണ് കൂട്ടുകാര്‍ക്കൊപ്പം ആഘോഷം സംഘടിപ്പിച്ചത്. കേക്ക് മുറിക്കലും സദ്യയുമായിരുന്നു മുഖ്യ ആകര്‍ഷണം. വാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന രംഗങ്ങള്‍ ആവേശം സിനിമയുടെ ബാക്ഗ്രൗണ്ട് മ്യൂസികും സംഭാഷണങ്ങളും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായിരുന്ന അജീഷിന്റെ നേതൃത്വത്തില്‍ ഗുണ്ടകള്‍ സംഘടിച്ച് വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് ഇലവുംതിട്ട പോലീസ് അന്വേഷണം തുടങ്ങി.

എസ്.എച്ച്.ഓ ടി.കെ. വിനോദ് കൃഷ്ണന്‍ അജീഷിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. ആഘോഷത്തിന് ഉപയോഗിച്ച വടിവാള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് യഥാര്‍ഥ വടിവാളല്ലെന്നും നാടകത്തിന് വേണ്ടി നിര്‍മിച്ച തടി കൊണ്ടുള്ള വാളാണെന്നും അജീഷ് അറിയിച്ചു. തടി കൊണ്ടുള്ള വാള്‍ സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. അന്വേഷണത്തില്‍ അത് യഥാര്‍ഥ വടിവാളല്ലെന്നാണ് എസ്എച്ച്ഓ പറയുന്നത്. കഴിഞ്ഞ വര്‍ഷം പന്തളം കേന്ദ്രീകരിച്ച് ഒരു ട്രൂപ്പ് നാടകത്തിന് വേണ്ടി ഉണ്ടാക്കിയതാണ്. ആ ട്രൂപ്പ് അംഗത്തിന്റെ മകന്‍ നാടകത്തിന് ഉപയോഗിച്ചിരുന്ന തെര്‍മോ കോള്‍ കിരീടവും രാജാപ്പാര്‍ട്ട് വേഷവും പിറന്നാള്‍ ആഘോഷത്തിന് കൊണ്ടു വന്നിരുന്നു. എന്നാല്‍, തടിവാള്‍ കൊണ്ട് കേക്ക് മുറിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും വേഷങ്ങളും കിരീടവും ധരിച്ചിരുന്നില്ലെന്നും എസ്എച്ച്ഓ പറയുന്നു. മാത്രവുമല്ല, അജീഷിന്റെ പേരില്‍ കഴിഞ്ഞ കുറേ നാളായി
കേസുകള്‍ ഒന്നുമില്ല. നേരത്തേ പന്തളം സ്‌റ്റേഷനില്‍ അഞ്ചും ഇലവുംതിട്ട, വെച്ചൂച്ചിറ സ്‌റ്റേഷനുകളില്‍ ഒന്നു വീതവും കേസുകളുണ്ട്. നിലവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും പന്തളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. സംഭവം വിവാദമായതോടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വീഡിയോകള്‍ ഡിലീറ്റ് ചെയ്തു. തടിവാള്‍ തല്‍ക്കാലം പോലീസ് കസ്റ്റഡിയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…