
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ്. ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി മരുതിമൂട്ടില്‍ വീട്ടില്‍ ലിജോ എന്ന് വിളിക്കുന്ന സാമുവല്‍ ജോണി(36)നെയാണ് ശിക്ഷിച്ചത്. 2022 ല്‍ ചിറ്റാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധിപറഞ്ഞത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
2022 ഫെബ്രുവരി 13 ന് ഉച്ച കഴിഞ്ഞ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രതി 12 വയകുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പള്ളി കാണിക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി റബര്‍ തോട്ടത്തില്‍ വച്ച് ശരീരത്തില്‍ കടന്നു പിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇപ്പോഴത്തെ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായ അന്നത്തെ കോന്നി ഡിവൈ.എസ്.പി കെ. ബൈജു കുമാര്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പോക്‌സോ നിയമ പ്രകാരം 10 വര്‍ഷവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മൂന്നു വര്‍ഷവുമാണ് ശിക്ഷിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം, അടച്ചില്ലെങ്കില്‍ 15 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജെയ്‌സണ്‍ മാത്യൂസ് ഹാജരായി.