പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് നവിന്‍ എം. ഈശോയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ജോര്‍ജ് ഉണ്ണൂണ്ണിയുടെ വീട്ടുകാര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നിയമനം. കഴിഞ്ഞ ഡിസംബറില്‍ മൈലപ്രയിലെ പുതുവേലില്‍ കടയില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം കട നടത്തി വന്ന വയോധികനെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. അഞ്ച് പ്രതികളെയും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വളരെ വേഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
കവര്‍ച്ച ചെയ്‌തെടുത്ത സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ച നാലാം പ്രതി നിയാസ് അമാന് കോടതി ജാമ്യം നല്‍കിയിരുന്നു. മറ്റു പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. ഒന്നാം പ്രതി ക്വാര്‍ട്ടര്‍ എന്ന് അറിയപ്പെടുന്ന ഹരീബ്, നാലാം പ്രതി നിയാസ് അമാന്‍ എന്നിവര്‍ പത്തനംതിട്ട സ്വദേശികളാണ്. മറ്റു മൂന്ന് പ്രതികള്‍ തമിഴ്‌നാട്ടുകാരാണ്. മൂവരും നിരവധി കേസുകളില്‍ പ്രതികളാണ്.
ഒന്നാംപ്രതിയും രണ്ടാംപ്രതിയുമായുള്ള പരിചയമാണ് മറ്റു പ്രതികളുമായി ചേര്‍ന്ന് കുറ്റകൃത്യം നടത്താന്‍ ഇടയാക്കിയത്. ഈ കേസിന്റെ അന്വേഷണം ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി ആയിരുന്ന എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തിലാണ് നടന്നത്.
പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജിബു ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തില്‍ പ്രതികളെ ഉടനടി കുടുക്കാന്‍ സാധിച്ചു. തുടര്‍ന്ന്, പോലീസ് ഇന്‍സ്‌പെക്ടര്‍ രഗീഷ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം തിരിച്ചറിയല്‍ നടത്തുന്നതിനായി മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പും മറ്റും നടത്തിയത്.