കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി, പരപ്പുഴ, പൊന്നുംതോട്ടം ഭാഗങ്ങളില്‍ മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഒരാളെ വീട്ടില്‍ കയറിയാണ് കടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. പരപ്പുഴ തോട്ടത്തില്‍ അനില്‍ കുമാറിനെയാണ് വീട്ടില്‍ കയറി നായ ആക്രമിച്ചത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുക ആയിരുന്നു. ഇത് വഴി കയറിയ നായ കട്ടിലില്‍ കിടക്കുക ആയിരുന്ന അനില്‍ കുമാറിന്റെ കാലില്‍ ആദ്യം കടിച്ചു. കൈ കൊണ്ട് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെയും കടിക്കുക ആയിരുന്നു.
തുടര്‍ന്ന് ഓടിപ്പോയ നായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെയും ആക്രമിച്ചു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും നായ മറഞ്ഞു. പരുക്കേറ്റ മൂവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്മുള വഞ്ചിത്ര, തറയില്‍ മുക്ക് ഭാഗങ്ങളില്‍ തെരുവ് നായയുടെ ശല്യം കൂടുതലാണ്. കാറില്‍ കൊണ്ടുവരുന്ന മാലിന്യം തള്ളാന്‍ പലരും ആറന്മുള വഞ്ചിത്ര ആറ്റുതീര റോഡാണ് ഉപയോഗിക്കുന്നത്. ഇതാണ് ഈ ഭാഗങ്ങളില്‍ നായകളുടെ വര്‍ദ്ധനവിന് കാരണം. അടുത്തിടെ പുലര്‍ച്ചെ തറയില്‍ മുക്കില്‍ ഇറക്കിയിരുന്നു പത്രക്കെട്ടുകള്‍ നശിപ്പിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങള്‍ ഈ ഭാഗങ്ങളില്‍ ഉണ്ടാകുന്നുണ്ട്. തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാന്‍ മാത്യു ആവശ്യപ്പെട്ടു.