ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നു. ശേഷിച്ച ആ ആറു പന്തില്‍ 10 റണ്‍സെങ്കിലും അവസാന ജോഡിക്ക് നേടാമായിരുന്നുവെങ്കില്‍ ഒരു ഫൈറ്റിങ് ടോട്ടല്‍ എന്നാണ് കമന്റേറ്റര്‍മാര്‍ പറഞ്ഞത്. പാകിസ്ഥാന്‍ ഇന്നിങ്‌സ് തുടങ്ങി റിസ്‌വാന്റെ ക്യാച്ച് ദുബെ നിലത്തിട്ടതോടെ ടിവി ഓഫ് ചെയ്ത് ഉറങ്ങാന്‍ പോയവരാണേറെയും. കൊച്ചുവെളുപ്പാന്‍ കാലത്ത് സ്‌കോര്‍ നോക്കുമ്പോള്‍ ഇന്ത്യ ആറു റണ്‍സിന് ജയിച്ചിരിക്കുന്നു. അതേ, ഇന്ത്യ 19 ഓവറില്‍ നേടിയ 119 മറികടക്കാന്‍ 20 ഓവര്‍ കളിച്ചിട്ടും പാകിസ്ഥാനായില്ല.
യുഎസ്എയിലെ പ്രവചനാതീതമായ വിക്കറ്റില്‍ തീയുണ്ടകള്‍ വര്‍ഷിച്ച് ഭാരത ബാറ്റര്‍മാരെ കുറഞ്ഞ സ്‌കോറില്‍ കൂടാരം കയറ്റുമ്പോഴും പാകിസ്ഥാന് ജയിക്കാന്‍ ഒരോവറില്‍ ശരാശരി ആറു റണ്‍ വീതം വേണ്ടിയിരുന്നു. കളിക്കുന്നത് വണ്‍ഡേ ആണെങ്കില്‍ ഈ റണ്‍ നിരക്കില്‍ മറി കടക്കേണ്ടത് 300 റണ്ണാണ്. ട്വന്റി 20 യില്‍ 120 ചേസ് ചെയ്യുക എന്നത് ആനക്കാര്യമല്ല. പക്ഷേ, യുഎസ്എയിലെ പിച്ച് എന്തു മറിമായവും കാണിക്കും. പാകിസ്ഥാന്റെ തുടക്കം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി. വിന്‍ പ്രെഡിക്ടറില്‍ ഇന്ത്യ ഒരു പാട് പിന്നാക്കം പോയി. അവസാന ഓവറിന് തൊട്ടുമുന്‍പ് വരെ വിജയം പാകിസ്ഥാനെന്ന് കണക്കു കൂട്ടി വച്ചിരുന്നു.
ബുംറയുടെ മാസ്മരിക ബൗളിങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് നിസംശയം പറയാം. പക്ഷേ, ഇന്ത്യന്‍ ഇന്നിങ്‌സില്‍ 19-ാം ഓവറില്‍ തുടര്‍ച്ചയായ മൂന്നു ഡബിള്‍ ഓടിയെടുത്ത സിറാജാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഈ വിജയം പോലും ആ ആറു റണ്‍സ് വ്യത്യാസത്തിലാണ്. പാകിസ്ഥാന്‍ പോലും ഞെട്ടിയ വിജയം. പക്ഷേ, ഈ പിച്ച് ഇങ്ങനെയാണ്. ഇവിടെ ഇനിയും പലരും ഞെട്ടും. ഹോളണ്ടിനോട് കഷ്ടിച്ചാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്. 101 റണ്‍സ് പിന്തുടര്‍ന്ന് നേടാന്‍ അവരെ സഹായിച്ചത് ഡേവിഡ് മില്ലറുടെ മനഃസാന്നിധ്യം ഒന്നു മാത്രമാണ്. ഒപ്പം ഹോളണ്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയക്കുറവും.