മല്ലപ്പുഴശേരി പഞ്ചായത്തിലെ സി.ഡി.എസ് തട്ടിപ്പ്: 13 ലക്ഷത്തോളം രൂപ തിരികെ അടച്ച് വനിതാ അക്കൗണ്ടന്റ്: പക്ഷേ, വിജിലന്‍സ് വിടില്ല

2 second read
Comments Off on മല്ലപ്പുഴശേരി പഞ്ചായത്തിലെ സി.ഡി.എസ് തട്ടിപ്പ്: 13 ലക്ഷത്തോളം രൂപ തിരികെ അടച്ച് വനിതാ അക്കൗണ്ടന്റ്: പക്ഷേ, വിജിലന്‍സ് വിടില്ല
0

പത്തനംതിട്ട: മല്ലപ്പുഴശേരി പഞ്ചായത്തിലെ സി.ഡി.എസ് അക്കൗണ്ടന്റ് കൃത്രിമം നടത്തി അപഹരിച്ചത് 13 ലക്ഷത്തോളം രൂപയെന്ന് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. 2023-24 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്നായതോടെ തട്ടിയെടുത്ത തുക ഏറെക്കുറെ തിരികെ അടച്ചുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍, വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതിനും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് കൃത്രിമമായി നിര്‍മിച്ചതിനും ഇവര്‍ക്കെതിരേ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുമെന്നും വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്‍ പറഞ്ഞു.

നിലവില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന മാത്രമാണ് നടന്നത്. താല്‍ക്കാലിക ജീവനക്കാരിയായ ഇവര്‍ സി.ഡി.എസ് ആരംഭിച്ചതു മുതലുള്ള അക്കൗണ്ടന്റാണ്. അതു കൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ തട്ടിപ്പ് നടത്താനുള്ള സാധ്യത ഉണ്ടെന്ന സംശയത്തില്‍ വിജിലന്‍സ് പിന്നോട്ടുള്ള കണക്കുകളും പരിശോധിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
പേ സ്ലിപ്പ് എഴുതി പിന്‍വലിച്ചും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ വ്യാജമായി സൃഷ്ടിച്ചുമാണ് ലക്ഷങ്ങള്‍ ഇവര്‍ തട്ടിയെടുത്തത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് പുറത്തു വന്നതോടെ വിജിലന്‍സ് പരിശോധന തുടങ്ങി. വിവരമറിഞ്ഞ് വനിത അക്കൗണ്ടന്റ് മുങ്ങിയിരിക്കുകയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടന്റ് പണം പിന്‍വലിച്ച വിവരം അറിഞ്ഞത്.

ഫെഡറല്‍ ബാങ്കിന്റെ കുഴിക്കാല ശാഖയിലാണ് സി.ഡി.എസിന്റെ അക്കൗണ്ടുള്ളത്. ഇവിടെ നേരിട്ടെത്തി സ്ലിപ്പ് എഴുതി നല്‍കിയാണ് പലപ്പോഴായി പണം പിന്‍വലിച്ചിട്ടുളളത്. സി.ഡി.എസ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ചെയര്‍പേഴ്‌സണും മെമ്പര്‍ സെക്രട്ടറിയും ചെക്കില്‍ ഒപ്പിടേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു ജീവനക്കാരനോ ജീവനക്കാരിയോ ആയിരിക്കും മെമ്പര്‍ സെക്രട്ടറി. ഇവരുടെ ഒപ്പിട്ട് ചെക്ക് വാങ്ങി പണം തട്ടുക പ്രായോഗികമല്ല. അതിനാല്‍ ബാങ്കില്‍ നേരിട്ടെത്തി പേ സ്ലിപ്പ് ഒപ്പിട്ടു കൊടുത്താണ് വലിയ തുകകള്‍ പലപ്പോഴായി പിന്‍വലിച്ചിട്ടുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വനിതാ അക്കൗണ്ടന്റിന്റെ തട്ടിപ്പ് പുറത്തു വന്നതോടെ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ശേഖരിച്ചിരുന്നു. അതിന് മുന്‍പ് തന്നെ സി.ഡി.എസ് അക്കൗണ്ടന്റ് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ശേഖരിക്കുകയും അതില്‍ ഇല്ലാത്ത വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്‌റ്റേറ്റ്‌മെന്റ് കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…