മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്നിലെ വിവാദ ഓട: പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടപടിയെടുക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം പൊളിച്ച് ലോക്കല്‍, ഏരിയ കമ്മറ്റികള്‍

0 second read
Comments Off on മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്നിലെ വിവാദ ഓട: പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടപടിയെടുക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം പൊളിച്ച് ലോക്കല്‍, ഏരിയ കമ്മറ്റികള്‍
0

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തന്റെ ഭൂമിയുടെ മുന്നില്‍ ഓടയുടെ അലൈന്‍മെന്റ് മാറ്റാന്‍ നീക്കം നടത്തി എന്ന ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മറ്റിയംഗമായ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരനെതിരേ നടപടി എടുക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം പാളി. സിപിഎം കൊടുമണ്‍ ലോക്കല്‍, ഏരിയാ കമ്മറ്റികള്‍ ശ്രീധരന് പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായി. മന്ത്രിയുടെ ഭര്‍ത്താവിന് വേണ്ടി പാര്‍ട്ടിയും ഉദ്യോഗസ്ഥരും വിടുപണി ചെയ്യുന്നതിനെതിരേയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ തുറന്നടിച്ചത്. പ്രസിഡന്റിന്റെ ആരോപണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് സമരവും ഹര്‍ത്താലും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി നേരിട്ട് സ്ഥലത്തു വന്നാണ് ഉദ്യോഗസ്ഥരോട് അലൈന്‍മെന്റ് വളയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് ആക്ഷേപം ഉയര്‍ത്തി.

സംഭവം കൈവിട്ടു പോവുകയും മന്ത്രി വീണ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് ജില്ലാ കമ്മറ്റിയംഗമായ കെ.കെ. ശ്രീധരനെതിരേ നടപടി എടുക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍, പാര്‍ട്ടി ലോക്കല്‍, ഏരിയാ കമ്മറ്റി യോഗങ്ങള്‍ ഒറ്റക്കെട്ടായി ശ്രീധരന പിന്തുണ പ്രഖ്യാപിച്ചതാണ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ ഇടപെട്ട് ഓടയുടെ ഗതി മാറ്റാന്‍ നിര്‍ദേശം നല്‍കിയത് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവാണെന്ന ആക്ഷേപം ശക്തമായിരിക്കുമ്പോഴാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരേ നടപടി എടുക്കാന്‍ നീക്കം നടന്നത്. രൂക്ഷമായ വിമര്‍ശനമാണ് ജില്ലാ കമ്മറ്റിയംഗം കെ.കെ. ശ്രീധരന്‍ മന്ത്രിയുടെ ഭര്‍ത്താവിനെതിരേ ഉയര്‍ത്തിയത്. നടപടി എടുത്ത് അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള നീക്കമാണ് നടന്നത്. താന്‍ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വേണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ശ്രീധരന്‍ അറിയിക്കുക കൂടി ചെയ്തതോടെ ജില്ലാ നേതൃത്വം ശരിക്കും പെട്ടു.

അതിനിടെ മന്ത്രിക്കും ഭര്‍ത്താവിനുമെതിരേ സമരവുമായി രംഗത്തു വന്ന കോണ്‍ഗസ് നേതാക്കള്‍ അവരുടെ പാര്‍ട്ടി ഓഫീസ് പുറമ്പോക്ക് കൈയേറി നിര്‍മിച്ചതാണെന്ന് മന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. എന്നാല്‍, തങ്ങളല്ല കൈയേറിയതെന്നും സിപിഎം ഓഫീസാണ് കൈയേറ്റഭൂമിയിലുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു. കൊടുമണ്‍ പോലീസ് സ്‌റ്റേഷന്റെ ഭൂമിയുടെ വലിയൊരു ഭാഗം ജോര്‍ജ് ജോസഫ് കൈയേറിയിട്ടുണ്ട്. അത് തിരിച്ചു പിടിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…