പത്തനംതിട്ട: റബര്‍ ഷീറ്റ് അടിക്കാനുപയോയിക്കുന്ന റോളര്‍ മോഷ്ടിച്ച രണ്ടു കേസുകളിലായി അഞ്ചു പ്രതികളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയില്‍ വീട്ടില്‍ ജോയി എന്നു വിളിക്കുന്ന മത്തായി സാമുവലിന്റെ പഴയ വീടിന്റെ സമീപത്തുള്ള റോളര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 13 നാണ് സംഭവം. ജോയിയുടെ പഴയ വീടിന്റെ പരിസരത്താണ് റബ്ബര്‍ ഷീറ്റ് അടിക്കുന്ന രണ്ട് റോളര്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ റോളറുകളും സ്‌പെയര്‍പാര്‍ട്‌സുകളും അഴിച്ചെടുത്ത് തോളില്‍ ചുമന്ന് നാലുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ജോയി മോഷണം കണ്ട് ഒച്ച വച്ചെങ്കിലും അതിനോടകം പ്രതികള്‍ വാഹനത്തില്‍ കയറി പോയിരുന്നു. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
അന്വേഷണത്തില്‍ നാലു പ്രതികളെയും സാധനം കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. 15,000 രൂപയുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റൊരു മോഷണം കൂടി തെളിഞ്ഞു. ഇലന്തൂര്‍ പുളിന്തിട്ട പള്ളിക്ക് സമീപം പുറത്തൂട്ട് വീട്ടില്‍ ഷിബു കുമാറിന്റെ റബര്‍ ഷീറ്റ് അടിക്കുന്ന റോളറും പ്രതികള്‍ മോഷ്ടിച്ചിരുന്നു. ഷിബു 35,000 രൂപ കൊടുത്ത് സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയതാണ് ഈ മെഷിന്‍. ഷിബു കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ ഇപ്പോള്‍ പിടിയിലുള്ള നാലു പേര്‍ കൂടാതെ മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.