തിരുവല്ല: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിലേക്ക് നിയമിക്കുവാന്‍ ക്രൈസ്തവ പുരുഷന്മാര്‍ക്ക് ക്ഷാമമോ എന്ന ചോദ്യവുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി) ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ വര്‍ഗീയവാദിയാക്കി മുദ്ര കുത്തുമെന്നും പ്രകാശ് പറഞ്ഞു.
2013ല്‍ രൂപീകൃതമായ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കും അംഗങ്ങളായും നിയമിക്കപ്പെടുവാന്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്ന് ആള്‍ക്കാരെ കിട്ടുന്നില്ല എന്ന് നാളിതു വരെയുള്ള അംഗങ്ങളുടെയും ചെയര്‍മാന്മാരുടെയും ലിസ്റ്റ് വിവരാവകാശ നിയമപ്രകാരം എടുത്തപ്പോള്‍ തനിക്ക് മനസിലായെന്ന് പ്രകാശ് പി. തോമസ് പറയുന്നു. നാളിതുവരെ നാല് ചെയര്‍മാന്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. ഒരാളെ രണ്ടു തവണ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും ക്രൈസ്തവ സമൂഹത്തില്‍ നിന്ന് യോഗ്യതയുള്ളവരെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചില്ല എന്ന് ലിസ്റ്റ് നോക്കിയാല്‍ മനസിലാകും. നാല് കമ്മിഷനുകള്‍ ആണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ളത്. ചെയര്‍മാന്‍ ഒഴികെയുള്ള രണ്ട് അംഗങ്ങളുടെ കണക്കെടുത്താല്‍ ആകെ എട്ടു പേരെയാണ് നിയമിക്കേണ്ടത്.
അപ്രകാരം നാല് കമ്മിഷനുകളിലായി എട്ടു പേരെ നിയമിച്ചതില്‍ ആദ്യ കമ്മിഷനിലെ വി വി ജോഷി ഒഴികെ മറ്റൊരാളെ പോലും ക്രൈസ്തവ സമൂഹത്തില്‍ നിന്നും പുരുഷ അംഗമായി നിയമിച്ചിട്ടില്ല. ചെയര്‍മാന്‍ ഒരു വിഭാഗത്തില്‍ നിന്നാണെങ്കില്‍ രണ്ടാമത്തെ അംഗം മറ്റൊരു വിഭാഗത്തില്‍ നിന്നായിരിക്കണം എന്ന് കമ്മിഷന്റെ ബൈലോയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നുന്നത് മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് തുല്യമായ പ്രാതിനിധ്യം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ പുറത്തിറക്കിയ കൈ പുസ്തകത്തിലെ ന്യൂനപക്ഷ കമ്മിഷന്‍ നിയമത്തിന്റെ മലയാള പരിഭാഷയിലും ഇത് വളരെ വ്യക്തമായി കൊടുത്തിട്ടുണ്ട്.
എന്നാല്‍ മന്ത്രി ജലീല്‍ ഈ നിയമത്തിനു ഭേദഗതി വരുത്തുകയും ക്രൈസ്തവ സമൂഹത്തിന്റെ പുരുഷ പ്രാതിനിധ്യം എടുത്തു കളയുകയും ചെയ്തു. ഇതിനെതിരെ പ്രതികരിക്കുവാന്‍ എംഎല്‍എമാരോഏതെങ്കിലും പാര്‍ട്ടിയോ തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വിവരാവകാശ നിയമപ്രകാരംലഭിച്ച രേഖയിലെ വിവരങ്ങള്‍ അനുസരിച്ച് ക്രൈസ്തവ സമൂഹത്തോട് സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് നിഷേധിക്കുവാന്‍ തയ്യാറുള്ളവര്‍ രേഖകളുമായി വരണം. അടിസ്ഥാനപരമായ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് വര്‍ഗീയതയാണെന്നോ വിഭാഗീയതയാണെന്നോ പറഞ്ഞുകൊണ്ട് നിശബ്ദമാക്കുവാന്‍ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നുംഅഡ്വ. പ്രകാശ് പി. തോമസ് പറയുന്നു.