പത്തനംതിട്ട: തീയ്യാടിക്കലില്‍ വയോധികനെ ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ച മകനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവരം അറിഞ്ഞിട്ടും കേസെടുക്കാനോ മകനെ വിളിച്ചു ചോദിക്കാനോ പെരുമ്പെട്ടി ജനമൈത്രി പോലീസ് തയാറായിരുന്നില്ല. സംഭവം മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു. ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം ചോദിച്ചതിന് പിന്നാലെ മകനെ അറസ്റ്റും ചെയ്തു.
തീയാടിക്കല്‍ പൊരുന്നല്ലൂര്‍ സാമുവലിനെ (പാപ്പച്ചന്-75) മര്‍ദിച്ച കേസില്‍ മകന് ജോണ്‍സനെയാണ് (42) മൂന്നു ദിവസത്തിന് ശേഷം പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പാപ്പച്ചനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പാപ്പച്ചന്റെ വാരിയെല്ലുകള്‍ക്ക് അടക്കം പൊട്ടലുണ്ടെന്ന് ആശുപത്രിയില്‍ പോയ ജനപ്രതിനിധികള്‍ പറയുന്നു.
സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുക്കാതിരുന്നത് വാര്‍ത്തയായി. ഇതോടെയാണ് അറസ്റ്റുണ്ടായത്.
ജോണ്സന് മദ്യലഹരിയിലാണ് സാമുവലിനെ ക്രൂരമായി മര്‍ദിച്ചത്.
ജോണ്‍സന്റെ വീടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചന് താമസിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മകന് കമ്പ് കൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിന് അനുസരിച്ച് പെരുമ്പെട്ടി പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുമ്പെട്ടി പൊലീസിന്റെ വിശദീകരണം. മനുഷ്യാവകാശ കമ്മിഷന് അംഗം വി.കെ.ബീനാകുമാരി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതോടെ അറസ്റ്റുണ്ടായി.