പത്തനംതിട്ട: ഞാന്‍ എന്‍ജിനീയറല്ല. അതൊട്ട് പഠിച്ചിട്ടുമില്ല. വിവാദ റോഡിന്റെ അലൈന്‍മെന്റോ ഡിപിആറോ ഇതു വരെ കണ്ടിട്ടു പോലുമില്ല. സിപിഎം ജില്ലാ കമ്മറ്റിയംഗവും കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ശ്രീധരന്റെ വാക്കുകളാണിത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് തന്റെ ഭൂമി സംരക്ഷിക്കാന്‍ വേണ്ടി തൊട്ടുമുന്നിലെ കൈപ്പട്ടൂര്‍-ഏഴംകുളം പാതയുടെ ഓടയുടെ അലൈന്‍മെന്റ് മാറ്റിയെന്ന ആരോപണം ആദ്യം ഉന്നയിച്ച ആളാണ് കെ.കെ. ശ്രീധരന്‍. അദ്ദേഹത്തിന്റെ പ്രസ്താവന പാര്‍ട്ടിയെ വെട്ടിലാക്കി. വിശദീകരണം നല്‍കിയ മന്ത്രിയും പുലിവാല്‍ പിടിച്ചു. ഇതോടെ കെ.കെ. ശ്രീധരനെതിരേ സിപിഎം ജില്ലാ നേതൃത്വം കണ്ണുരുട്ടി. അങ്ങനെ കൊടുമണില്‍ സിപിഎം വിശദീകരണ യോഗം വിളിച്ചു. ആ യോഗത്തില്‍ ശ്രീധരന്‍ മുന്‍പു പറഞ്ഞതൊക്കെ വിഴുങ്ങി. താന്‍ എന്‍ജിനീയറല്ലെന്നും ഡിപിആര്‍ കണ്ടിട്ടില്ലെന്നും വിളിച്ചു പറഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് അങ്ങനെ പറയിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍.
കെ. കെ. ശ്രീധരന്റെ തുറന്നുപറച്ചില്‍ പാര്‍ട്ടിയെയും മന്ത്രിയെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെ കോണ്‍ഗ്രസ് അടക്കം സി.പി.എമ്മിനെതിരെ റോഡ് അലൈന്‍മെന്റ് വിവാദം ആയുധമാക്കി. പ്രതിസന്ധി മറികടക്കാനായിരുന്നു കൊടുമണ്ണില്‍ സി.പി.എം രാഷ്ര്ടീയ വിശദീകരണ യോഗം വിളിച്ചത്. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ നേതൃത്വം ഇച്ഛിച്ചതു പോലെ ശ്രീധരന്‍ എല്ലാം മാറ്റിപ്പറഞ്ഞു. വിവാദങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസുകാരണെന്ന് ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും ആരോപിച്ചു. അതേസമയം, മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് റവന്യൂ ഉദ്യോഗസ്ഥരെ മറികടന്ന് റോഡ് അളന്നതും കോണ്‍ഗ്രസ് തടഞ്ഞതും ഒരു നേതാവും വിശദീകരിച്ചില്ല. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തിലെ തടസങ്ങള്‍ നീക്കി വേഗം പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.
നേരത്തേ തന്റെ നിലപാടില്‍ ശ്രീധരന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. ശ്രീധരനെതിരേ നടപടിയെടുക്കാനുള്ള നീക്കവും നടന്നു. എന്നാല്‍, സി.പി.എം ഏരിയ, ലോക്കല്‍ കമ്മറ്റികള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായി. മന്ത്രിയുടെ പ്രതിരോധവും ശ്രീധരന്റെ വാക്കുകളില്‍ തട്ടി പൊളിഞ്ഞു. ഇതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് മന്ത്രിയെ സംരക്ഷിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.