കിങ്സ്റ്റണ്‍: ടി 20 ലോകകപ്പില്‍ അട്ടിമറി തുടര്‍ന്ന് അഫ്ഗാന്‍. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരു പോലെ മികച്ചു നിന്ന അഫ്ഗാന്‍ നിര ശക്തരായ ഓസ്‌ട്രേലിയയെ 21 റണ്‍സിനാണ് കെട്ടുകെട്ടിച്ചത്. പ്രാഥമിക റൗണ്ടില്‍ ന്യൂസിലാന്‍ഡിനെ വെറും 75 റണ്‍സില്‍ എറിഞ്ഞൊതുക്കി നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ തനിയാവര്‍ത്തനമാണ് ഗ്രൂപ്പ് ഒന്നില്‍ ഇന്ന് പുലര്‍ച്ചെ കണ്ടത്.
20 ഓവറില്‍ 149 എന്ന താരതമ്യേനെ എളുപ്പമുള്ള സ്‌കോര്‍ ചേസ് ചെയ്യാനിറങ്ങിയ ഓസീസ് 19.2 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. 41 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സറുമായി മാക്‌സ്‌വെല്‍ ഏകദിന ലോകകപ്പിലെ പ്രകടനം ആവര്‍ത്തിച്ചു. അന്ന് അഫ്ഗാനോട് തോല്‍വിയുടെ വക്കില്‍ നിന്ന ഓസീസിനെ ഒറ്റക്കാലില്‍ നിന്ന് ബാറ്റ് ചെയ്ത ഡബിള്‍ സെഞ്ച്വറി നേടിയ മാക്‌സ്‌വെല്‍ ഒറ്റയ്ക്ക് വിജയിപ്പിക്കുകയായിരുന്നു. ഇന്നും അതേ പ്രകടനമാണ് നടത്തിയത്. ഒരറ്റത്ത് വിക്കറ്റ് പൊഴിയുമ്പോഴും മാക്‌സ്‌വെല്‍ കൂസാതെ അടിച്ചു തകര്‍ത്തു. ഒടുവില്‍ ഗുല്‍ബദിന്‍ നായിബിന്റെ പന്തില്‍ നൂര്‍ അഹമ്മദ് പോയിന്റില്‍ എടുത്ത അവിശ്വസനീയ ക്യാച്ചില്‍ മാക്‌സ്‌വെല്‍ കൂടാരം കയറി. 12 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് പിന്നെയുള്ള ടോപ്പ് സ്‌കോറര്‍. അഫഗാന് വേണ്ടി നവീന്‍ 20 റണ്‍സിന് മൂന്നും ഗുല്‍ബാദിന്‍ 20 റണ്‍സിന് നാലും വിക്കറ്റെടുത്തു.
നേരത്തേ് വിക്കറ്റ് നഷ്ടം കൂടാതെ 14 ഓവറില്‍ 118 എന്ന സ്‌കോറില്‍ നിന്നാണ് അഫ്ഗാന്‍ ബാറ്റിങ് നിര 148 ലേക്ക് തകര്‍ന്ന് വീണത്. പാറ്റ്കുമ്മിന്‍സ് ഹാട്രിക് നേടി. തുടര്‍ച്ചയായ പന്തുകളില്‍ നാലുവിക്കറ്റ് കുമ്മിന്‍സിന് ലഭിക്കേണ്ടതായിരുന്നു. നിസാര ക്യാച്ച് ഡേവിഡ് വാര്‍ണര്‍ കൈവിട്ടതു കാരണം നടന്നില്ല. 28 റണ്‍സിനാണ് കുമ്മിന്‍സ് 3 വിക്കറ്റ് എടുത്തത്. കരിം ജനത്ത്, റാഷിദ്ഖാന്‍, ഗുല്‍ബാദിന്‍ നായിബ് എന്നിവരെയാണ് അടുത്തടുത്ത പന്തുകളില്‍ കുമ്മിന്‍സ് പുറത്താക്കിയത്. തന്റെ മൂന്നാം ഓവറിന്റെ അവസാന പന്തിലും നാലാം ഓവറിലെ ആദ്യ രണ്ടു പന്തുകളിലും കുമ്മിന്‍സ് വിക്കറ്റ് എടുത്തു. മൂന്നാം പന്തില്‍ ഖറോട്ട് ഉയര്‍ത്തിയടിച്ചത് വാര്‍ണര്‍ നിലത്തിട്ടു. മോശം ഫീല്‍ഡിങാണ് ഓീസിന് വിനയായത്. ആഷ്ടന്‍ ആഗര്‍ മൂന്നു ബൗണ്ടറികള്‍ വിട്ടു. ഒരു ക്യാച്ചും നിലത്തിട്ടു.
അഫ്ഗാന് വേണ്ടി ഗുര്‍ബാസ് 49 പന്തില്‍ നാലു വീതം സിക്‌സും ഫോറുമടിച്ച് 60 റണ്‍സ് നേടി. സഹഓപ്പണര്‍ ഇബ്രാഹിം സര്‍ദന്‍ 48 പന്തില്‍ ആറു ബൗണ്ടറികളോടെ 51 റണ്‍സ് എടുത്തു. തുടര്‍ന്ന് വന്ന ബാറ്റര്‍മാര്‍ക്കൊന്നും മികച്ച പ്രകടനം നടത്താനായില്ല. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സ് അഫ്ഗാന്‍ നേടിയത്. ഫീല്‍ഡില്‍ ഓസീസ് കൈവിട്ട ക്യാച്ചുകളും റണ്ണുകളുമാണ് അവരുടെ പരാജയത്തിന് അടിത്തറയിട്ടത്. ഗുല്‍ബാദിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്.