
കൊല്ലം: സിപിഎം നേതാവും പാര്‍ട്ടി അഭിഭാഷക സംഘടനയുടെ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ഇ. ഷാനവാസ് ഖാനെതിരേ കൊല്ലം വെസ്റ്റ് പോലീസ് പീഡനത്തിന് കേസെടുത്തു. യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ 14 ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവതിയെ ബലമായി ആലിംഗനം ചെയ്തുവെന്നാണ് പരാതി. യുവതി വിവരം ഭര്‍ത്താവിനോട് വിവരം പറയുകയും കേസുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍, രാഷ്ട്രീയക്കാരുടെ അടക്കം സമ്മര്‍ദം വന്നതിനാല്‍ ആദ്യം യുവതി പരാതി നല്‍കിയിരുന്നില്ല. ബാര്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് പരസ്യമായി മാപ്പു പറയണമെന്ന യുവതിയുടെ ആവശ്യം ആദ്യം ഷാനവാസ്ഖാന്‍ അംഗീകരിച്ചു. കഴിഞ്ഞ 20 ന് അതിന് വേദിയും നിശ്ചയിച്ചു. എന്നാല്‍, തക്ക സമയത്ത് ഇദ്ദേഹം കാലുമാറിയതോടെയാണ് യുവതി പരാതിയുമായി മൂന്നോട്ടു പോയത്.
നോട്ടറി അറ്റസ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് യുവതി ഷാനവാസ് ഖാന്റെ വീട്ടില്‍ പോയത്. ഇദ്ദേഹം ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്നിട്ടുണ്ട്. നോട്ടറി അറ്റസ്‌റ്റേഷന്‍ ആവശ്യമുന്നയിച്ചപ്പോള്‍ വീട്ടിലേക്ക് ചെല്ലാന്‍ ഇദ്ദേഹം പറയുകയായിരുന്നു. ഗര്‍ഭിണിയായ യുവതി അവിടെ എത്തിയപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടെങ്കില്‍ കെട്ടിപ്പിടിച്ചു ഉമ്മ തരണം എന്ന് ആവശ്യപ്പെട്ടു. യുവതി വഴങ്ങാതെ വന്നപ്പോള്‍ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. വിവരം യുവതി വീട്ടില്‍ അറിയിച്ചെന്ന് മനസിലാക്കിയ അഭിഭാഷകന്‍ പിറ്റേന്ന് രാവിലെ യുവതിയെ ഫോണില്‍ വിളിച്ചു മാപ്പു പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റില്ലാത്ത വിധമാണ് ഇയാളുടെ സംഭാഷണം. സഹോദരിയോടെന്നതു പോലെയാണ് കെട്ടിപ്പിടിച്ചത് എന്നാണ് ഇയാളുടെ വാദം. മോള്‍ക്കെന്തോ തെറ്റിദ്ധാരണ സംഭവിച്ചുവെന്ന് പറഞ്ഞാണ് ഇയാള്‍ സംഭാഷണം തുടങ്ങൂന്നത്. ഞാന്‍ മോളോട് മോശമായി പെരുമാറിയെന്ന് വര്‍മയോട് പറഞ്ഞു.
മോശമായിട്ട് പെരുമാറാതെ അല്ലല്ലോ ഞാന്‍ പറഞ്ഞത് എന്ന് യുവതി തിരിച്ചു ചോദിക്കുന്നതും കേള്‍ക്കാം.
കേസില്‍ നിന്ന് അഭിഭാഷകനെ രക്ഷിക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദം തന്നെ ഉണ്ടെന്ന് പറയുന്നു. നേരത്തേ കൊല്ലത്ത് ഗവ. പ്ലീഡര്‍ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ആ കേസ് അട്ടിമറിയുടെ വക്കിലാണ്.