പന്തളം: അമൃത് പദ്ധതിയില്‍ വന്‍ അഴിമതി ആരോപിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പൈപ്പിടാനായി കുഴിച്ച റോഡുകള്‍ ഇതുവരെ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. റോഡുകള്‍ പഴയതു പോലെ ആക്കണമെന്ന് കരാറുകാരന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയാണ് ബില്ലുകള്‍ സമര്‍പ്പിച്ചത്. ഭരണ സമിതി ബില്ലുകള്‍ പാസാക്കി നല്‍കുകയും ചെയ്തു.
കരാര്‍ പ്രകാരമുള്ള പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാതെ ധൃതി പിടിച്ച് ബില്‍ മാറിക്കൊടുത്തതില്‍ വന്‍ അഴിമതി ഉണ്ടെന്ന് എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ലസിതാ നായര്‍ ആരോപിച്ചു. മാസങ്ങളായി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ മിനിട്ട് സ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്നില്ല. ചോദിച്ച കൗണ്‍സിലര്‍മാരോട് ചെയര്‍പേഴ്‌സണ്‍ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് നല്‍കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ വച്ച് ചര്‍ച്ച ചെയ്യണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ചര്‍ച്ച നടന്നില്ല വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടി ചര്‍ച്ച ചെയ്യാതെ സ്പില്‍ ഓവര്‍ കൗണ്‍സിലില്‍ വച്ച് പാസാക്കാനുള്ള ശ്രമം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു.
കൗണ്‍സില്‍ നിര്‍ത്തി വച്ച് ചെയര്‍പേഴ്‌സണ്‍ പുറത്തു പോയി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു. കൗണ്‍സിലര്‍മാരായ ലസിതാ നായര്‍ രാജേഷ്‌കുമാര്‍ , അരുണ്‍ എസ്, ടി.കെ സതി, അംബികാ രാജേഷ്, സക്കീര്‍, ശോഭന കുമാരി, അജിതകുമാരി എന്നിവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.