തിരുവനന്തപുരം: തിരുവിതാംകൂറിലെ സമാന്തര വിദ്യാഭ്യാസ രംഗത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രിയങ്കരനായ ഇംഗ്ലീഷ് അധ്യാപകനും കലാ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന മാവടി മുരളിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ മൂന്നാമത് സംസ്ഥാന സമാന്തര വിദ്യാഭ്യാസ അവാർഡിന് കേരള പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട പ്രതിഭ കോളേജ് ഡയറക്ടറുമായ ശ്രീ. കെ. ആർ. അശോക് കുമാർ അർഹനായി.
ജൂലൈ 3 ബുധനാഴ്ച്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് സാംസ്കാരിക മന്ത്രി ശ്രീ. സജി ചെറിയാൻ അവാർഡ് സമ്മാനിക്കും. പതിനായിരത്തി ഒന്ന് രൂപയും ഫലകവുമാണ് സമ്മാനിക്കുന്നത്. പ്രതിഭാ കോളേജിലും പത്തനംതിട്ട കോപ്പറേറ്റീവ് കോളേജിലുമായി പാരലൽ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 43 വർഷത്തെ മികച്ച പ്രവർത്തനവും അതിലൂടെ പതിനായിരക്കണക്കിന് ശിഷ്യരുമുള്ള കെ. ആർ.അശോക് കുമാർ പത്തുവർഷം തുടർച്ചയായി പാരലൽ കോളേജ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.സമാന്തര വിദ്യാഭ്യാസ രംഗത്തെ വർത്തമാനകാല വെല്ലുവിളികൾക്ക് എതിരെ സംസ്ഥാനതലത്തിൽ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വരികയാണ്.