കോഴഞ്ചേരി: പാലം നിര്‍മ്മാണത്തിന് വീണ്ടും ജീവന്‍ വയ്ക്കുമെന്നായതോടെ ഒരു ചരിത്ര സ്മാരകത്തിന്റെ അവസ്ഥയില്‍ ആശങ്കയോടെ ജനങ്ങള്‍. രാജഭരണ കാലത്ത് സ്ഥാപിച്ച അഞ്ചല്‍ പെട്ടി പാലം നിര്‍മാണത്തിന്റെ ഭാഗമായി നീക്കുമോ എന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.
തിരുവിതാംകൂര്‍ രാജമുദ്ര ആയ ശംഖ് ആലേഖനം ചെയ്തിരിക്കുന്ന പഴയകാല അഞ്ചല്‍പെട്ടി സ്ഥാപിച്ചിരിക്കുന്ന സ്ഥലം പാലത്തിനായി ഏറ്റെടുത്തു എന്നാണ് അറിയിപ്പ് വന്നിട്ടുള്ളത്. ഇതോടെ അഞ്ചല്‍ പെട്ടി പൊളിച്ചു നീക്കേണ്ടി വരും. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി പാലം വരുമ്പോള്‍ ഒരു ചരിത്ര സ്മാരകം ഇല്ലാതെ ആകരുതെന്നാണ് പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍ പറയുന്നത്. അര്‍ഹമായ പ്രാധാന്യത്തോടെ അഞ്ചല്‍ പെട്ടി മാറ്റി സ്ഥാപിക്കണം.
ഇക്കാര്യത്തില്‍ ജനപ്രതിനിധികളും പാലം നിര്‍മാതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു. നിലവിലെ ചന്തക്കടവ് റോഡില്‍ നിന്നും പോസ്റ്റ് ഓഫീസിനുള്ളിലേക്ക് 12 അടിയോളം സ്ഥലമാണ് അപ്രോച്ച് റോഡിനായി ഉപയോഗിക്കുക. ഇതിനുള്ളിലാണ് ചരിത്ര പ്രാധാന്യമുള്ള പെട്ടി സ്ഥാപിച്ചിരുന്നത്. മനോഹരമായ പൂന്തോട്ടം ഒരുക്കിയും മറ്റും ഇവിടം നേരത്തെ സംരക്ഷിച്ചിരുന്നു. റോഡ് വികസനം പ്രഖ്യാപിച്ചതോടെ പൂന്തോട്ട സംരക്ഷണം ഇല്ലാതെ ആയി. എങ്കിലും ഇപ്പോഴും കത്തുകള്‍ പോസ്റ്റ് ചെയ്യാന്‍ ഈ ചരിത്ര സ്മാരകമാണ് എല്ലാവരും ഉപയോഗിക്കുന്നത്.