വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി: സംഘാംഗം ആത്മഹത്യ ചെയ്തതോടെ വെട്ടിലായത് ട്രാവല്‍ ഏജന്‍സി ഉടമ: കടം കയറി റാന്നിക്കാരന്‍ സാമുവല്‍ രാജു ആത്മഹത്യയുടെ വക്കില്‍

0 second read
Comments Off on വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി: സംഘാംഗം ആത്മഹത്യ ചെയ്തതോടെ വെട്ടിലായത് ട്രാവല്‍ ഏജന്‍സി ഉടമ: കടം കയറി റാന്നിക്കാരന്‍ സാമുവല്‍ രാജു ആത്മഹത്യയുടെ വക്കില്‍
0

റാന്നി: ഖത്തറിലെ ഹമാസ് ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിന്റെ തലവന്‍ ജീവനൊടുക്കി. കൂട്ടാളികള്‍ ഒളിവിലും. ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിസയ്ക്ക് പണം വാങ്ങി നല്‍കിയ ട്രാവല്‍ ഏജന്‍സി ഉടമ വെട്ടിലായി. ഇതു സംബന്ധിച്ച് റാന്നി ബ്ലോക്കുപടി പുലിപ്പാറ വീട്ടില്‍ സാമുവല്‍ രാജു ഡി.ജി.പിക്കും റാന്നി ഡിവൈ.എസ്.പിക്കും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയൊന്നുമായിട്ടില്ല. കടം കയറി വാടക വീട്ടിലാണ് സാമുവല്‍ രാജുവിന്റെ താമസം. ഭാര്യ കാന്‍സര്‍ ബാധിതയായി ചികില്‍സയിലും. ജീവിതം മുന്നോട്ട് നയിക്കാനും ചികില്‍സയ്ക്കുമുള്ള ചെലവും കണ്ടെത്താന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ് സാമുവല്‍ രാജു.

31 വര്‍ഷം ഡല്‍ഹിയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നയാളാണ് സാമുവല്‍ രാജു. ഇദ്ദേഹത്തിന്റെ ഓഫീസിന് സമീപം ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന നിലവില്‍ മല്ലപ്പള്ളിയില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശി  അനീഷ് ജോസാണ് കുഴിയില്‍ ചാടിച്ചത്. ഡല്‍ഹിയില്‍ നിന്നും 2014 ല്‍ നാട്ടിലേക്ക് മടങ്ങിയ അനീഷ് ജോസ് ഏതാനും മാസങ്ങള്‍ക്ക് ശേഷം സാമുവലിനെ വിളിച്ച് ഖത്തറിലെ ഹമാദ് ആശുപത്രിയില്‍ നഴ്‌സുമാരുടെ ഒഴിവുണ്ടെന്നും ഇരുന്നൂറ് വിസ തന്റെ സുഹൃത്തായ വാരനാട് ലിസ്യു നഗര്‍ സ്വദേശിയായ തറയില്‍ സുജിത്തിന്റെ കൈവശമുണ്ടെന്ന് അറിയിച്ചു.

ഇത് സാമുവലിന് നല്കാമെന്ന് അനീഷ് വാഗ്ദാനം ചെയ്തു. സുജിത്തുമായി സാമുവല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന്  അറബിയിലുള്ള ഓഫര്‍ ലെറ്റര്‍ അയച്ച് നല്കി. ഇതോടെ സാമുവല്‍ ഇവരെ വിശ്വസിക്കുകയും ചെയ്തു. ഇതിന് ശേഷം സുജിത്ത് ചേര്‍ത്തല സ്വദേശികളായ വേല്‍മുരുകന്‍, രാജേഷ്, രാജേഷിന്റെ ഭാര്യ അശ്വതി, പത്മകുമാര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഖാന്തിരം 1.23 കോടി രൂപ സാമുവലില്‍ നിന്ന് വാങ്ങി.

വിവിധ ഉദ്യോഗാര്‍ഥികളില്‍ നിന്ന് സാമുവല്‍ വിസ നല്‍കാമെന്ന്  പറഞ്ഞ്  വാങ്ങിയ പണമാണ് ഇവര്‍ കബളിപ്പിച്ച് എടുത്തത്.  പറഞ്ഞ സമയത്ത് വിസ ലഭിക്കാതെ വന്നതോടെ  ഇവരെ പല തവണ സമീപിച്ചെങ്കിലും വിവിധ  സാങ്കേതിക കാരണങ്ങള്‍ നിരത്തിയും  അവധികള്‍ പറഞ്ഞും എന്നെ മടക്കി അയച്ചു. ഇതിനിടെ സാമുവലിന് പണം നല്‍കിയ ഉദ്യോഗാര്‍ഥികള്‍ അയാള്‍ക്കെതിരേ കേസ് കൊടുത്തു. ഈ കേസില്‍ സാമുവല്‍ അറസ്റ്റിലായി. ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു.

പിന്നീട് ഇവരെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് വന്‍ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണെന്ന് വ്യക്തമായത്. പണം മടക്കി തരണമെന്നും ഇല്ലാത്ത പക്ഷം പൊലീസില്‍ പരാതി നല്കുമെന്ന് അനീഷ് ജോസിനെ അറിയിച്ചപ്പോള്‍ കൊന്നുകളയുമെന്നും മര്യാദയ്ക്ക് ഇരുന്നാല്‍ കുറച്ചുകാലം കൂടി ജീവിച്ചിരിക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സാമുവല്‍ പറയുന്നു. പിന്നീട് ചിലരുടെ മധ്യസ്ഥതയില്‍ അനീഷ് കുറച്ച് പണം മടക്കി നല്കി.

ഇതിനിടയില്‍ സാമുവലിന്റെ ഭാര്യയ്ക്ക് അര്‍ബുദം പിടിപെടുകയും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. ഇതിനായി ഭീമമായ തുക ആവശ്യമായി വരുമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമുവല്‍ ഇവരെ വീണ്ടും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.സുജിത്തിന്റെ കൂട്ടാളികളായ ഇവര്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളില്‍ നിന്നുമായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ആലപ്പുഴ െ്രെകം ബ്രാഞ്ചും, ഇടുക്കി  കോട്ടയം ജില്ലകള്‍ക്കായുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ഇവര്‍ക്കെതിരെ അന്വേഷണം നടത്തിവരുന്നുണ്ട്.

ഇതിനിടെ കഴിഞ്ഞ മാസം സുജിത്ത് ജീവനൊടുക്കി. ഇയാള്‍ക്കെതിരേ റിസര്‍വ് ബാങ്കിന്റെ രേഖകള്‍ വ്യാജമായി നിര്‍മിച്ചതിന് അടക്കം കേസുണ്ടായിരുന്നു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി ഡിജിപിക്കും റാന്നി ഡിവൈ.എസ്പിക്കും സാമുവല്‍ പരാതി നല്‍കിയിട്ട് ആഴ്ചകളായി. ഇതു വരെ പ്രാഥമികാന്വേഷണം പോലും നടന്നിട്ടില്ല.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…