ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അഞ്ചാം ബജറ്റ് അവതരിപ്പിച്ചു.
കേന്ദ്ര ബജറ്റില്‍ ഏഴ് ലക്ഷം വരെ ആദായനികുതി ഇളവ് പ്രഖ്യാപിച്ചു. നിലവില്‍ അഞ്ച് ലക്ഷമായിരുന്ന ഇളവ് പരിധിയാണ് വര്‍ധിപ്പിച്ചത്.
ഇളവ് പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്കാണ്. ആദായനികുതി സ്ലാബിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനം നികുതി.
ആറ് മുതല്‍ ഒമ്പത് ലക്ഷം വരെ 10 ശതമാനം നികുതി. ഒമ്ബത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളില്‍ വരുമാനത്തിന് 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതിയ നികുതി നിരക്ക്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്ബുള്ള അവസാന സമ്ബൂര്‍ണ ബജറ്റാണ് അവതരിപ്പിച്ചത്. അടുത്ത 100 വര്‍ഷത്തെ വളര്‍ച്ചക്കുള്ള ബ്ലൂപ്രിന്റ് ആകും ഈ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.