കോന്നി ഫയര്‍ സ്‌റ്റേഷനിലെ മദ്യപാനം: പിടിവീഴാന്‍ കാരണം മിന്നല്‍ പരിശോധന: ഡ്യൂട്ടി സമയത്ത് മുങ്ങിയവരെ രക്ഷിക്കും

0 second read
Comments Off on കോന്നി ഫയര്‍ സ്‌റ്റേഷനിലെ മദ്യപാനം: പിടിവീഴാന്‍ കാരണം മിന്നല്‍ പരിശോധന: ഡ്യൂട്ടി സമയത്ത് മുങ്ങിയവരെ രക്ഷിക്കും
0

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ മദ്യപാനത്തിലേര്‍പ്പെട്ടതിന് കോന്നി അഗ്‌നിരക്ഷാ നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജിയണല്‍ ഫയര്‍ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കൂടുതല്‍ പേര്‍ മദ്യപിച്ചിരുന്നുവെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ എടുത്ത നിലപാട് കാരണമാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും പറയുന്നു.
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായവി.ആര്‍. അഭിലാഷ്, എസ്. ശ്യാംകുമാര്‍ എന്നിവരാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് ഡയറക്ടര്‍ (ഭരണം) നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ മദ്യവുമായി കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നിന് വൈകിട്ട് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് നിലയത്തിലെത്തുമ്പോള്‍ ശ്യാംകുമാര്‍ ഒരു ഗ്ലാസില്‍ മദ്യവുമായി നില്‍ക്കുന്നതാണ്് കണ്ടത്. അന്ന് നിലയത്തിന്റെ ചുമതലയുള്ള അഭിലാഷുമായി ചേര്‍ന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ഇയാള്‍ ഡയറക്ടര്‍ക്ക് മൊഴി നല്‍കി. ഈ വിവരം ഡയറക്ടര്‍ നിലയത്തിലെ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തി. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും മെഡിക്കല്‍ പരിശോധന നടത്താന്‍ ഡയറക്ടര്‍ തീരുമാനിച്ചിരുന്നു. ഇവരുമായി കോന്നി താലൂക്ക് ആശുപത്രിയില്‍ ചെന്നെങ്കിലും പോലീസ് നിര്‍ദേശം ഇല്ലാതെ വൈദ്യപരിശോധന നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇത് ശേഷിച്ചവര്‍ക്ക് തുണയായി. മദ്യപിക്കുന്ന നിലയില്‍ കൈയോടെ പിടിയിലായതാണ് ശ്യാംകുമാറിന്റെയും അഭിലാഷിന്റെയും സസ്‌പെന്‍ഷന് കാരണമായത്.

ജില്ലാ ഫയര്‍ ഓഫീസര്‍ കോന്നി നിലയത്തില്‍ ചെന്ന് പ്രാഥമിക അന്വേഷണം നടത്തി കോട്ടയം റീജിയണല്‍ ഫയര്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീജിയണല്‍ ഫയര്‍ ഓഫീസര്‍ എ.ആര്‍. അരുണ്‍ കുമാര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഡയറക്ടറുടെ മിന്നല്‍ പരിശോധന സമയത്ത് നാലോളം പേര്‍ അനധികൃതമായി ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്നിരുന്നുവെന്നും ഇവര്‍ക്കെതിരേ നടപടിയുണ്ടായിട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മുങ്ങിയവരില്‍ ഒരാള്‍ ഉന്നത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ബന്ധുവായതാണ് നടപടി ഒഴിവാകാന്‍ കാരണമായിരിക്കുന്നതെന്ന് പറയുന്നു. അനധികൃത അവധി ഡ്യൂട്ടി മാറ്റം എന്ന രീതിയില്‍ ഒതുക്കാനുള്ള ശ്രമമാാണ് നടക്കുന്നത്. ഡ്യൂട്ടി മാറ്റം വന്നാല്‍ അത് ജനറല്‍ ഡയറിയില്‍ എഴുതണം. സംഭവം നടന്ന ദിവസം അത് എഴുതാന്‍ കഴിഞ്ഞിട്ടില്ല. ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തി ജീവനക്കാരെ രക്ഷിക്കാനുള്ള നീക്കം കൊണ്ടു പിടിച്ച് നടക്കുന്നുണ്ട്്.

അഗ്‌നിശമന സേനയില്‍ ഡ്യൂട്ടി സമയത്തുള്ള മദ്യപാനം കോന്നിയില്‍ മാത്രമല്ല ഉള്ളതെന്ന് പറയുന്നു. വൈകുന്നേരം അഞ്ചു മണിയോടെ ഓഫീസര്‍മാര്‍ ഡ്യൂട്ടി കഴിഞ്ഞ് പോകും. പിന്നെ ജീവനക്കാരുടെ ഉല്ലാസമാണ് നടക്കുന്നത്. മിക്ക സ്‌റ്റേഷനുകളിലും ഈ സമയം മദ്യപാനം നടക്കുന്നുണ്ടെന്നാണ് വിവരം. പരിശോധന ഇല്ലാത്തതും അവര്‍ക്ക് തുണയാകുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…