പഞ്ചായത്ത് സെക്രട്ടറിയുടെ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് കടമ്പനാട് സ്വകാര്യ ക്ലിനിക്കിന്റെ പ്രവര്‍ത്തനം: എതിര്‍ത്തും അനുകൂലിച്ചും സി.പി.എം നേതാക്കള്‍

0 second read
Comments Off on പഞ്ചായത്ത് സെക്രട്ടറിയുടെ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് കടമ്പനാട് സ്വകാര്യ ക്ലിനിക്കിന്റെ പ്രവര്‍ത്തനം: എതിര്‍ത്തും അനുകൂലിച്ചും സി.പി.എം നേതാക്കള്‍
1

അടൂര്‍: സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി നല്‍കിയ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് സ്വകാര്യ ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടരുന്നു. ഒത്താശ ചെയ്യുന്നത് സിപിഎമ്മില്‍ ഒരു വിഭാഗം. കടമ്പനാട് പ്രവര്‍ത്തിക്കുന്ന നന്മ ഹോസ്പിറ്റലിനാണ് ഗ്രാമപഞ്ചായത്ത് കമ്മറ്റി സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ആശുപത്രിയ്ക്ക് അടിസ്ഥാന സൗകര്യമില്ലെന്നും ജീവനക്കാര്‍ക്ക് യോഗ്യതയില്ലെന്നും രോഗികളുടെ ജീവന് തന്നെ ആപത്താണെന്നും കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കുന്നതിന് കടമ്പനാട് മെഡിക്കല്‍ ഓഫീസറെ ഡിഎംഓ ചുമതലപ്പെടുത്തി. മെഡിക്കല്‍ ഓഫീസര്‍ ചുമതലപ്പെടുത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ആശുപത്രി സന്ദര്‍ശിക്കുകയും പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇതേപ്പറ്റി പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനം തടയരുതെന്നാണ് സിപിഐയുടെ തീരുമാനമെന്ന് സിപിഐക്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റൊരു അംഗവും പഞ്ചായത്ത് കമ്മറ്റിയില്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം അറിയിക്കാനുള്ള വേദിയാക്കി പഞ്ചായത്ത് കമ്മറ്റിയെ മാറ്റിയത് കണ്ട് മറ്റ് അംഗങ്ങള്‍ ഞെട്ടി. എന്നാല്‍, ആശുപത്രി പ്രവര്‍ത്തനം തടയാനാണ് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്. ഇതിന്‍ പ്രകാരം മൂന്നാഴ്ച മുന്‍പ് പഞ്ചായത്ത് കമ്മറ്റി ആശുപത്രിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. സെക്രട്ടറി ഒപ്പിട്ട് സ്‌റ്റോപ്പ് മെമ്മോ ഓഫീസ് അസിസ്റ്റന്റാണ് ആശുപത്രി കെട്ടിടത്തില്‍ പതിച്ചത്.

പിന്നീടാണ് വിചിത്രമായ കാര്യങ്ങള്‍ നടന്നത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനത്തിനെതിരേ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം രംഗത്തു വന്നു. ആശുപത്രി പ്രവര്‍ത്തനം ഇവരുടെ തണലില്‍ നിര്‍ബാധം നടക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വവും പിന്തുണ നല്‍കിയെന്ന് പറയുന്നു. ഇതിനിടെ ആശുപത്രി ഉടമ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീരുമാനമായിട്ടില്ല. ഇപ്പോള്‍ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് ആശുപത്രി തുറന്നു പ്രവര്‍ത്തിക്കുന്നു.

ഏറെ നാളായി ലൈസന്‍സ് ഇല്ലാതെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ഇമേജ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിനുളള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍, ജീവനക്കാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലെന്നാണ് ഡിഎംഓയ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. അതിനിടെ ക്ലിനിക്കിനെ എതിര്‍ത്തും അനുകൂലിച്ചും സിപിഎം നേതാക്കളും വാര്‍ഡ് മെമ്പര്‍മാരും രംഗത്തുണ്ട്. ഒരാള്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി രംഗത്തുണ്ട്. ഇയാള്‍ക്കെതിരേ വാടക കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിന് കേസ് നിലവിലുണ്ട്. ക്ലിനിക്കിനെതിരേ രംഗത്തു വന്നിരിക്കുന്നതില്‍ ഒരാള്‍ വില്ലേജ് ഓഫീസറുടെ ആത്മഹത്യ സംബന്ധിച്ച് ആരോപണ വിധേയനാണ്.

അതേ സമയം, പഞ്ചായത്ത് കമ്മറ്റി മനഃപൂര്‍വം ലൈസന്‍സ് നിഷേധിക്കുന്നുവെന്നാണ് ഉടമയുടെ വാദം. സിപിഎം പ്രാദേശിക നേതാക്കളും സിപിഐയുമാണ് സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…