കോഴഞ്ചേരി: ഒരു മറയ്ക്ക് പിന്നിലും ഒളിക്കാത്ത ഗര്‍ജിക്കുന്ന സിംഹമായി നാട്ടിലെങ്ങും തന്റെ വാഗ്‌ധോരണിയിലൂടെ വിരാജിച്ച ധീരദേശാഭിമാനിയെ മറയ്ക്കുള്ളിലാക്കിയിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. കോഴഞ്ചേരി പ്രസംഗത്തിലൂടെരാജ്യദ്രോഹം ആരോപിച്ച് സി. കേശവനെ ജയിലില്‍ അടച്ചത് രാജഭരണകാലത്തായിരുന്നുവെങ്കില്‍ മറയ്ക്കുള്ളില്‍ അടച്ചിരിക്കുന്നത് ജനകീയ സര്‍ക്കാരാണ്. പൂര്‍ണ മറയ്ക്കുള്ളില്‍ നിന്നും അടുത്തിടെ മാറ്റിയെങ്കിലും ഇനി ആ മുഖം എന്ന് കാണാന്‍ കഴിയും എന്നാണ് നാട്ടുകാരുടെയും സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരുടെയും ചോദ്യം. ഇതിനുള്ള ഉത്തരം നല്കാന്‍ സര്‍ക്കാരിനോ ബന്ധപ്പെട്ട ജന പ്രതിനിധികള്‍ക്കോ കഴിയുന്നില്ല.
സി. കേശവന്റെ സിംഹ ഗര്‍ജന സ്മാരകം കൂടുതല്‍ പ്രൗഢിയോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പൊതു മരാമത്ത് വകുപ്പ് ആരംഭിച്ചിട്ട് കാലം ഏറെ ആകുമ്പോഴും ഫയലുകള്‍ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്. ഇതാണ് മറ നീങ്ങാന്‍ തടസമാകുന്നത്. ഗ്രാമപഞ്ചായത്തും സംസ്ഥാനസര്‍ക്കാരും കൂടി ചേര്‍ന്നെങ്കില്‍ മാത്രമേ ഇനി പണികള്‍ പൂര്‍ത്തിയാക്കി തുറക്കാന്‍ കഴിയു.
ആദ്യം സി. കേശവന്‍ പ്രസംഗ സമരണയ്ക്കായി ടൗണില്‍ ശിലാഫലകം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സി. കേശവന്‍ സ്‌ക്വയര്‍ നിര്‍മ്മിക്കുകയും ഇതിനുള്ളില്‍ പൂര്‍ണ കായ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. പ്രതിമ സ്ഥാപിച്ച് ഒന്നര പതിറ്റാണ്ട് ആയപ്പോള്‍ ഇതിന് സാരമായ കേടുപാടുകള്‍ ഉണ്ടായി. ഇതെല്ലാം മാറ്റി കൂടുതല്‍ മനോഹരമാക്കുവാനുള്ള പ്രവര്‍ത്തികളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപ മുടക്കിയാണ് ഇപ്പോള്‍ സി. കേശവന്‍ സ്മാരകം നവീകരിക്കുന്നത്. കോഴഞ്ചേരിയില്‍ 1935 മെയ് 13 ന് ആണ് ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യര്‍ക്ക്എതിരെ സി.കേശവന്റെ ചരിത്രപ്രസിദ്ധമായ സിംഹഗര്‍ജനം എന്നറിയപ്പെടുന്നപ്രസംഗം നടന്നത്. മുസ്ലീം, ക്രിസ്ത്യന്‍, പിന്നാക്ക ഹിന്ദുക്കള്‍ ഉള്‍പ്പെടുന്ന സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ
ഭാഗമായാണ് സി .കേശവന്‍കോഴഞ്ചേരിയില്‍ എത്തുന്നത്.
പ്രസംഗത്തില്‍ സര്‍.സി.പി. എന്ന ജന്തുവിനെ നമുക്കു വേണ്ട എന്ന പരാമര്‍ശം രാഷ്ര്ടീയ മേഖലയില്‍ വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 ന് മന്ത്രി വീണ ജോര്‍ജ് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചെങ്കിലും പിന്നീടിത് നീണ്ടുപോയി. ഈ മണ്ഡപത്തിനുള്ളില്‍ കൂടി കടന്നു പോകുന്ന വൈദ്യുതി ലൈന്‍ മാറ്റാന്‍ വൈകിയതാണ് ആദ്യം തടസ കാരണമായി പറഞ്ഞിരുന്നത്. പിന്നീടിത് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് മൂലം എന്ന് മാറ്റിപ്പറഞ്ഞു. അപ്പോഴെല്ലാം സംസ്ഥാന പാതയില്‍ വലിയ മറയ്ക്കുള്ളില്‍ ആയിരുന്നു ദേശാഭിമാനിയുടെ പ്രതിമ. വൈദ്യുതി ലഭിച്ചു. ഇപ്പോള്‍ ഇനി വെള്ളം ആണ് പ്രശ്‌നം. മണ്ഡപത്തില്‍ പൂന്തോട്ടം ഒരുക്കണമെന്നും ഇവ നനക്കാന്‍ വെള്ളം വേണമെന്നും പറയുന്നു. ഇതിനുള്ള പണം അടയ്ക്കാത്തതാണ് ഇനിയും തടസമത്രെ. അത് ഇനി എന്ന് നടക്കും എന്നത് ആരും വിശദീകരിക്കുന്നില്ല. വലിയ മറ നീങ്ങിയെങ്കിലും ഇനി മുഖം എന്ന് പുറത്തുകാണാന്‍ കഴിയും എന്നതാണ് ഇപ്പോഴത്തെ ആശങ്ക.