തിരുവല്ല: നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിനായി അരക്കോടി രൂപ ചിലവഴിച്ച് നഗരസഭ നിര്‍മ്മിച്ച ഷീ ലോഡ്ജ് കെട്ടിടം അനാഥമാകുന്നു. വൈ.എം.സി.എ ജങ്ഷന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയില്‍ രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടമാണ് നാശത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടമാണിത്.
2020 ഓഗസ്റ്റ് 13ന് നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ഏപ്രില്‍ 30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് നിര്‍വഹിച്ചത്. ചുറ്റുമതിലോട് കൂടിയ കെട്ടിടത്തില്‍ ആറു മുറികളാണുള്ളത്. ഉദ്ഘാടന ശേഷം അടഞ്ഞ പ്രധാന കവാടം പിന്നീട് ഒരിക്കല്‍ പോലും തുറന്നിട്ടില്ല. കെട്ടിടത്തിന്റെ അടിത്തറയുടെ നിര്‍മ്മാണത്തില്‍ അടക്കം നിരവധി അപാകതകള്‍ ഉണ്ടെന്ന് സാങ്കേതിക പരിജ്ഞാനമുള്ള പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അടിത്തറയുടെ ഉയരം വളരെ കുറവായതിനാല്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥ ഉദ്ഘാടന ദിവസം തന്നെ സംഭവിച്ചു. ജനുവരിയില്‍ നടന്ന നവ കേരള സദസില്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവല്ല വിജിലന്‍സ് കൗണ്‍സില്‍ നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി നഗരസഭയില്‍ നിന്നും ലഭിച്ച മറുപടി കത്തില്‍ വൈദ്യുതി, ശുദ്ധജല കണക്ഷന്‍ എന്നിവ ലഭിച്ചതായും ഉടന്‍ തന്നെ കെട്ടിടം പ്രവര്‍ത്തന ക്ഷമമാകും എന്നും പറഞ്ഞിരുന്നു. അനാഥമായി കിടക്കുന്ന കെട്ടിടം ഇപ്പോള്‍ ഇഴ ജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ ആക്കി മാറ്റി കൊണ്ട് കെട്ടിടം ഉപയോഗ യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ നഗരസഭ അധികൃതര്‍ തയാറാകണം എന്ന് ആവശ്യവും ഇതിനിടെ ഉയരുന്നുണ്ട്.
അക്വാട്ടിക് അസോസിയേഷന്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുഷ്പഗിരി റോഡിനോട് ചേര്‍ന്ന് 12 വര്‍ഷക്കാലം മുമ്പ് നിര്‍മ്മിച്ച നീന്തല്‍കുളം ഉദ്ഘാടനം പോലും നിര്‍വഹിക്കാനാവാതെ അനാഥമായി കിടക്കുകയാണ്. സമാനമായ അവസ്ഥയാണ് ഷീ ലോഡ്ജ് കെട്ടിടത്തിനും ഉണ്ടാവാന്‍ പോകുന്നത് എന്നതാണ് നാട്ടുകാരുടെ അഭിപ്രായം. അതേ സമയം കെട്ടിട നിര്‍മ്മാണത്തില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന്റെ പരിശോധന ആവശ്യമുണ്ടെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു.