മണിപ്പൂരില്‍ നിന്ന് കുക്കി കുട്ടികളെ കൊണ്ടു വന്ന സംഭവം: തിരുവല്ല സത്യം മിനിസ്ട്രീസിന് പിഴച്ചതെവിടെ?

0 second read
Comments Off on മണിപ്പൂരില്‍ നിന്ന് കുക്കി കുട്ടികളെ കൊണ്ടു വന്ന സംഭവം: തിരുവല്ല സത്യം മിനിസ്ട്രീസിന് പിഴച്ചതെവിടെ?
0

പത്തനംതിട്ട: കലാപബാധിതമായ മണിപ്പൂരില്‍ നിന്നും കുക്കി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ കൊണ്ടു വന്നതും കുറച്ചു പേരെ തിരികെ അയച്ചതുമായ കാര്യങ്ങള്‍ ജില്ലാ അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവല്ല സത്യം മിനിസ്ട്രീസ് ഭാരവാഹികള്‍. പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ട്രസ്റ്റ് ചെയര്‍മാന്‍ സി.വി. വടവന, ഭാര്യ മേരിക്കുട്ടി, മകന്‍ ജസ്റ്റിന്‍ സി. വടവന, മാനേജര്‍ ഏബ്രഹാം മാര്‍ക്കോസ് എന്നിവര്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഴ്ച സമ്മതിച്ചത്.

മണിപ്പൂരില്‍ നിന്ന് കൊണ്ടു വന്നത് 48 കുട്ടികളെ മാത്രമാണെന്നും രണ്ടു ഘട്ടങ്ങളായി ഇരുപതു പേരെ തിരിച്ചയച്ചുവെന്നും സി.വി. വടവന പറഞ്ഞു. മണിപ്പൂരില്‍ നിന്ന് എത്തിച്ച കുക്കി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് സത്യം മിനിസ്ട്രീസില്‍ പാര്‍പ്പിച്ചത്്. കുട്ടികളെ കൊണ്ടു വന്നതും കുറച്ചു പേരെ തിരികെ മണിപ്പൂരിലേക്ക് അയച്ചതുമായ വിവരം ജില്ലാ ശിശുക്ഷേമ സമിതിയെ അറിയിക്കുന്നതില്‍ വീഴ്ച പറ്റി. മണിപ്പൂരിലെ ശിശുക്ഷേമ സമിതി പത്തനംതിട്ടയിലെ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറുമെന്നാണ് കരുതിയത്. എല്ലാ വിധ രേഖകളും എന്‍.ഓ.സിയും ഉണ്ടായിരുന്നു.

50 കുട്ടികളെയാണ് മണിപ്പൂരില്‍ നിന്ന് എത്തിക്കാന്‍ സമ്മതപ്രതം വാങ്ങിയത്. രണ്ടു കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ അവസാന നിമിഷം ഒഴിവാക്കി. 48 കുട്ടികളും അഞ്ചു കെയര്‍ ടേക്കര്‍മാരുമാണ് വന്നത്. പല ഘട്ടങ്ങളിലായി 20 കുട്ടികളെ മണിപ്പൂരിലേക്ക് മടക്കി അയച്ചു. ശേഷിച്ച 28 പേരെയാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സംരക്ഷണം ഏറ്റെടുത്ത് മാറ്റിപ്പാര്‍പ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

സത്യം സര്‍വീസ് ട്രസ്റ്റ് മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷമായി നടത്തി വരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുട്ടികളെ ഇവിടെയെത്തിച്ച് പഠനം നടത്തി വന്നിരുന്നത്. മണിപ്പൂരില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് തന്നെ അവിടുത്തെ ശിശുക്ഷേമ സമിതി, ജില്ലാ പോലീസ് മേധാവി, കുക്കി അസോസിയേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം അനുമതി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരുന്നു. എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ട്. കുട്ടികള്‍ വരുന്നതിനു മുമ്പായി പത്തനംതിട്ട ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി തുടങ്ങിയവരെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്.

ഏപ്രില്‍ ആദ്യവാരം എത്തിയ കുട്ടികള്‍ സുരക്ഷിതരായി താമസിച്ച് പഠനം നടത്തി വരികയായിരുന്നു. കഴിഞ്ഞ 24 ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായി സ്ഥലം സന്ദര്‍ശിക്കുകയും മാനേജ്‌മെന്റിനെ അകറ്റി നിര്‍ത്തി വീഡിയോയും ഫോട്ടോകളും എടുക്കുകയുമാണുണ്ടായത്. ഇതിനെതിരെ നിയമ നടപടികള്‍ ട്രസ്റ്റ് ഭരണ സമിതി ചെയ്തു വരികയാണന്നും ഭാരവാഹികള്‍ പറഞ്ഞു. 26 ന് കത്ത് ഇ മെയില്‍ വഴി അയക്കുകയും ഓഫിസിലെത്തി മറുപടി നല്കുകയും ചെയ്തിട്ടുണ്ട്. നേരില്‍ എത്തിയപ്പോള്‍ പരുഷമായ ഇടപെടലുകളാണ് നേരിട്ടത്. ട്രസ്റ്റ് ചെയര്‍മാന്റെ ഭിന്നശേഷിക്കാരനായ മകനെ ഇറക്കി വിടുവാന്‍ വരെ ശ്രമമുണ്ടായി. പെണ്‍കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രകാരം ട്രസ്റ്റ് ഭരണ സമിതി അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്നും ഭാരവാഹികള്‍പറഞ്ഞു.
18 വയസുള്ളവരും വീട്ടില്‍ പോകണമെന്ന് ശഠിച്ചവരും അടക്കമുള്ള കുട്ടികളെയാണ് തിരികെ അയച്ചത്. ഇവരില്‍ ചിലര്‍ക്ക് ലഹരി മരുന്ന് ഉപയോഗിക്കുന്ന ശീലവും ഉണ്ടായിരുന്നുവെന്ന് വടവന പറഞ്ഞു. 15 പേരെ ഒന്നിച്ച് മടക്കി അയച്ചു. ശേഷിച്ച് അഞ്ചു പേരെ വിവിധ ഘട്ടങ്ങളില്‍ തിരികെ അയച്ചു. ഇവര്‍ അവിടെ എത്തി ക്യാമ്പുകളില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം 28 കുട്ടികളെയാണ് ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചത്. 19 ആണ്‍കുട്ടികളെ കൊല്ലം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി. ഒമ്പതു പെണ്‍കുട്ടികളെ തിരുവല്ല നിക്കോള്‍സണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കാണ് കൊണ്ടു പോയത്. കുട്ടികള്‍ ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസിലാണ് പഠിച്ചിരുന്നതെന്ന് സത്യം മിനിസ്ട്രീസ് ഭാരവാഹികള്‍ അറിയിച്ചു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…