ഡോ. ദീപക് അരവിന്ദ്
മാനവരാശിക്ക് ആധുനിക വൈദ്യശാസ്ത്രത്തിലൂടെ ലഭിച്ച അനുഗ്രഹമാണ് പ്ലാസ്റ്റിക് സര്‍ജറി. പല ഗുരുതര അവസ്ഥകളെ അതിജീവിക്കാനുമുള്ള മാര്‍ഗം.
ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമാണ്. ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ് പ്ലാസ്റ്റിക്ക് സര്‍ജറി എന്ന് കരുതുന്നവരുണ്ട്. എന്നാല്‍, ജീവന്‍രക്ഷാ സാധ്യതകള്‍ ഉള്‍പ്പെടെ, അത് മുന്നോട്ട് വയ്ക്കുന്ന അവസരങ്ങള്‍ അനന്തമാണ്. സൗന്ദര്യം വര്‍ധിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് സര്‍ജറിയുടെ ഉപവിഭാഗമാണ് കോസ്‌മെറ്റിക് സര്‍ജറി. ഇവ രണ്ടും ഒന്നാണെന്ന് പലരും കരുതുന്നത്.
എന്താണ് പ്ലാസ്റ്റിക് സര്‍ജറി?
രൂപാന്തരപ്പെടുത്തുക എന്നര്‍ത്ഥമുള്ള പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പദം ഉണ്ടായത്. ന്യൂസിലന്‍ഡില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ ജീവിച്ച സര്‍ ഹാരോള്‍ഡ് ഗില്ലീസ് ആണ് ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ്. മുറിവുകളുടെ പാടുകള്‍ അവശേഷിയ്ക്കാതെ ഭേദമാക്കുന്നതു മുതല്‍ അപകടത്തില്‍ അറ്റുപോയ കൈകാലുകള്‍ തുന്നിച്ചേര്‍ക്കാനും മുഖത്തെയും കഴുത്തിലെയും കാന്‍സര്‍ കോശങ്ങള്‍ നീക്കാനും പൊള്ളല്‍ ഭേദമാക്കാനും മുച്ചുണ്ട് ശരിയാക്കാനുമെല്ലാം പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്പെടുത്തുന്നു. അതോടൊപ്പംതന്നെ നേരത്തെ സിനിമാ മേഖലയിലുള്ളവര്‍ മാത്രം ചെയ്തുവന്നിരുന്ന സൗന്ദര്യവര്‍ദ്ധനവിനുള്ളതും ചുളിവുകളും കൊഴുപ്പും നീക്കുന്നതുമായ കോസ്‌മെറ്റിക് സര്‍ജറി ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായിട്ടുണ്ട്. ശരീരത്തില്‍ പ്രായാധിക്യം കാരണമുണ്ടാകുന്ന ലക്ഷണങ്ങള്‍ മാറ്റുന്നതിനും, കൊഴുപ്പുകൂടുന്നതുകാരണം ഉണ്ടാകുന്ന അമിത വണ്ണം, പുരുഷന്മാരിലെ അമിത സ്തനവളര്‍ച്ച നീക്കംചെയ്യുന്നതിനും, അവയവങ്ങളുടെ രൂപമാറ്റത്തിനും ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി പൊതുവെ ഉപയോഗിക്കുന്നു. കൂടാതെ കാന്‍സര്‍ മൂലം നീക്കംചെയ്യേണ്ടിവരുന്ന ശരീരഭാഗങ്ങള്‍ പുനര്‍നിര്‍മ്മാണം ചെയ്യാന്‍ സഹായിക്കുന്ന ശസ്ത്രക്രിയകള്‍ അനേകര്‍ക്ക് ആശ്വാസമാകാറുണ്ട്.
(തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക്, വാസ്‌കുലര്‍, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റും ആയ ഡോ ദീപക് അരവിന്ദ് ആണ് ലേഖകന്‍).