മല്ലപ്പളളി: വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതിന്
വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ നാലുപേരെ കീഴ്വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനി രാത്രി 10.30 നാണ് സംഭവം. വീയപുരം മേല്പ്പാടത്തു നിന്നും കുന്നന്താനം ആഞ്ഞിലിത്താനത്ത് പഴമ്പള്ളി ആഞ്ഞിലിമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാറിന്റെ വീട്ടില്‍ ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതി ഒളിവിലാണ്. മാമാട്ടി കവലയിലുള്ള കാവുങ്കല്‍ അയ്യപ്പക്ഷേത്രത്തിന് സമീപം വച്ചുണ്ടായ തര്‍ക്കമാണ് വീടുകയറി ആക്രമണത്തില്‍ കലാശിച്ചത്. ആഞ്ഞിലിത്താനം പഴമ്പിള്ളി കൊച്ചുകുന്നക്കാട്ടില്‍ കെ. കെ. ജയേഷ് (39), ചിറയക്കുളം മാവേലി കിഴക്കേക്കാലായില്‍ രതീഷ് കുമാര്‍ (39), മൈലക്കാട് മോനിഷ ഭവനില്‍ മനീഷ് (25), മൈലക്കാട് ഞാറക്കലോടി വീട്ടില്‍ ആംബ്രോസ് എന്ന് വിളിക്കുന്ന ഹരികുമാര്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംഘം ചേര്‍ന്ന് ശശികുമാറിനെയും ഭാര്യ മിനിയെയും മകന് അനന്ദുവിനെയും ആക്രമിക്കുകയായിരുന്നു. മര്‍ദിക്കുകയും വടിവാള്‍ കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.
അനന്ദുവിന്റെ പരുക്ക് ഗുരുതരമാണ്. മുറ്റത്തു കിടന്ന ഓട്ടോറിക്ഷ നശിപ്പിക്കുകയും മിനിയുടെ കഴുത്തിലെ മാലയുടെ ഒരുഭാഗം കവരുകയും ചെയ്തു. അഞ്ചാം പ്രതി ഹരികുമാറിനെ വിശദമായി ചോദ്യം ചെയ്തതിനെതുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്ത് കുറ്റിക്കാട്ടില്‍ നിന്നും രണ്ട് വടിവാളുകള്‍ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്.