വെളളാപ്പള്ളിയെ തോണ്ടി എംവി ഗോവിന്ദന്‍: ഭീഷണി കൈയിലിരിക്കട്ടെയെന്ന് കെ. സുരേന്ദ്രന്‍

0 second read
Comments Off on വെളളാപ്പള്ളിയെ തോണ്ടി എംവി ഗോവിന്ദന്‍: ഭീഷണി കൈയിലിരിക്കട്ടെയെന്ന് കെ. സുരേന്ദ്രന്‍
0

തിരുവനന്തപുരം: എസ്.എന്‍.ഡി.പിയെ വെള്ളാപ്പളളി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടു പോകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എസ്എന്‍ഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കെ.എസ്.കെ.ടി.യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. വെള്ളാപ്പള്ളിയുടെ ഭാര്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. ഈഴവ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ട് ബി.ഡി.ജെ.എസ് വഴി ബി.ജെ.പിയ്ക്ക് ലഭിച്ചു.ഇത് പാര്‍ട്ടി ഗൗരവമായി കാണുകയും എസ്.എന്‍.ഡി.പി വിഭാഗത്തെ കാവി കൊടിക്കീഴില്‍ കെട്ടാനുള്ള ശ്രമത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ സി.പി.എം വോട്ടുകളും ബി.ജെ.പിക്ക് പോയി. എന്നാല്‍, കോണ്‍ഗ്രസ് ചെലവിലാണ് അവിടെ ബി.ജെ.പി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. നഗ്‌നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നല്‍കുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ഈഴവര്‍ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്‌സഭ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണ്. എസ്.സി- എസ്.ടി വിഭാഗങ്ങളും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപിഎം അവരെ വിമര്‍ശിക്കുന്നില്ല. സമസ്തയുടെ നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമര്‍ശനം നടത്തിയിട്ടും എം.വി ഗോവിന്ദന്‍ കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.

ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോള്‍ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ 80:20 അനുപാതം തുടരാന്‍ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…