കട്ടപ്പന: സീറോ മലബാര്‍ സഭ കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗം ചെയ്ത് ഇസ്രയേലിലേക്ക് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. കാഞ്ചിയാറില്‍ താമസിക്കുന്ന തങ്കമണി സ്വദേശിയ്ക്ക് എതിരേയാണ് വഞ്ചനക്കുറ്റത്തിന് കേസെടുത്തത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എത്ര പേര്‍ തട്ടിപ്പിന് ഇരയായി, എത്ര രൂപ തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. സിപിഎം ജില്ലാ നേതാവിന്റെ അടുത്ത അനുയായിയായിട്ടാണ് പ്രതി അറിയപ്പെടുന്നത്.
കട്ടപ്പന പള്ളിക്കവല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. നഴ്‌സിങ് പഠിച്ചവര്‍ക്ക് ഒന്നരലക്ഷം രൂപ ശമ്പളത്തില്‍ ഇസ്രയേലില്‍ കെയര്‍ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മേല്‍നോട്ടത്തിലാണ് റിക്രൂട്ടിങ് എന്നും ഏജന്‍സിയെ റിക്രൂട്ട്‌മെന്റ് ചുമതല ഏല്‍പ്പിച്ചിരിക്കുകയാണെന്നും തട്ടിപ്പുകാര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. 10 ലക്ഷം രൂപയാണ് റിക്രൂട്ട്‌മെന്റിനായി ഇവര്‍ ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെട്ടത്. രൂപതയുടെ പേരില്‍ തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന പരാതി കാഞ്ഞിരപ്പള്ളി രൂപതയും നല്കിയിട്ടുണ്ട്.