ആറന്മുള: വള്ളസദ്യയുടെ സുരക്ഷയ്ക്ക് പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി എയ്ഡ് പോസ്റ്റ് കിഴക്കേനടയില്‍ ആരംഭിക്കും. തിരക്കുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തിനു ചുറ്റും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ വള്ളസദ്യയുമായി ബന്ധപ്പെട്ട എത്തുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിലേക്ക് വരുന്നതിനും തിരികെ പോകുന്നതിനും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും.
ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ കിഴക്കേ നട വഴി വന്ന് പടിഞ്ഞാറെ നടയിലൂടെയും തെക്കേ നടയിലൂടെയും പുറത്തേക്ക് പോകണം. തറയില്‍മുക്കും സുഗതകുമാരി റോഡും വഴി കിഴക്കേനട ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാം. കിഴക്കേനട ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങള്‍ മെയിന്‍ റോഡ് ഭാഗത്തും വഞ്ചിത്തറ റോഡിലും ഗതാഗത തടസം ഉണ്ടാകാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യാം. സുഗതകുമാരി റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
ചെറിയവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, പഴയ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ട്, ആനത്താവളം പുരയിടം എന്നിവിടങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും ചുറ്റുവട്ടത്തുള്ള സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി ആറന്മുള പോലീസ് പള്ളിയോട സേവാ സംഘത്തിന്റെയും ക്ഷേത്ര പരിസരത്തില്‍ ഉള്ള വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും സഹായത്തോടെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും സ്ഥിരമായുള്ള സിസിടിവി കാമറ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡിവൈ.എസ്.പി എസ്. നന്ദകുമാറും ആറന്മുള എസ് .എച്ച് .ഒ സി കെ മനോജും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.