പത്തനംതിട്ട: നഗരസഭ മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന വഞ്ചിപൊയ്ക പെരിങ്ങമല വെള്ളച്ചാട്ടം സംരക്ഷിക്കാനും സാഹസിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ടമായി നഗരസഭ ചെയര്‍മാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
വര്‍ഷത്തില്‍ കടുത്ത വേനല്‍ ഒഴികെയുള്ള എട്ടുമാസം സജീവമാണ് ഈ വെള്ളച്ചാട്ടം. വഞ്ചിപ്പൊയ്കയില്‍ നിന്നാരംഭിച്ച് പെരിങ്ങമല വരെ എത്തുന്ന നീരൊഴുക്ക് പാറക്കെട്ടുകളിലൂടെയും ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ ഉള്ള ചെടികള്‍ക്കിയിലൂടെയുമാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളം പുനരുപയോഗിച്ച് വേനല്‍ക്കാലത്തും വെള്ളച്ചാട്ടം സജീവമായി നിര്‍ത്തുക എന്നതാണ് പദ്ധതിയില്‍ പ്രധാനം. വെള്ളച്ചാട്ടത്തിന്റെ ഭാഗമായുള്ള പാറക്കെട്ടുകളില്‍ സാഹസികര്‍ക്കായി മലകയറ്റം, വിനോദ സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യവും സൗന്ദര്യവല്‍ക്കരണ പദ്ധതികളും ഒരുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ട ഫണ്ട് കണ്ടെത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടമായി മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി വഞ്ചിപ്പൊയ്ക പെരിങ്ങമല വെള്ളച്ചാട്ടം മാറ്റാനുള്ള വിശദമായ പദ്ധതിയാണ് തയ്യാറാക്കുന്നത് എന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
മുന്‍ വാര്‍ഡ് കൗണ്‍സിലറും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ കെ അനില്‍കുമാറാണ് മൗണ്ടനറിങ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന വിധത്തില്‍ വിനോദസഞ്ചാര കേന്ദ്രമാക്കി വഞ്ചിപ്പൊയ്ക പെരിങ്ങമല വെള്ളച്ചാട്ടം വികസിപ്പിക്കുക എന്ന ആശയത്തിന് പിന്നില്‍. പര്‍വ്വതാരോഹണത്തില്‍ താല്പര്യമുള്ളവര്‍ക്ക് ജില്ലാ കേന്ദ്രത്തില്‍ തന്നെ അടിസ്ഥാന സൗകര്യമൊരുങ്ങുന്നത് ജില്ലയുടെ കായിക മേഖലയ്ക്ക് ഗുണം ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി അമൃത് 2.0 ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആദര്‍ശ് ദേവരാജ് സ്ഥലം സന്ദര്‍ശിച്ചു.