കോന്നി: മഴക്കാലമായതോടെ അടവിലെ കുട്ടവഞ്ചി സവാരിക്ക് തിരക്കേറി. ഹൊഗനക്കല്ലില്‍ നിന്ന് പുതിയ 25 കുട്ടവഞ്ചികള്‍ എത്തിയതോടെ താമസം കൂടാതെ സവാരിക്ക് സൗകര്യമൊരുങ്ങും. വനവികസന സമിതിയിലെ 25 തുഴച്ചില്‍കാരാണ് ഇവിടെയുള്ളത്. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് അടവി ഇക്കോ ടൂറിസം സെന്ററിന്റെ പ്രവര്‍ത്തനം. മറ്റ് ഇക്കോ ടൂറിസം സെന്ററുകളില്‍ നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ചയും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടവഞ്ചി തുഴഞ്ഞ് പോകാനും കാടിന്റെയും കാട്ടാറിന്റെയും സംഗീതം ആസ്വദിച്ച് കാട്ടിലെ മുളംകുടിലുകളില്‍ കിടന്നുറങ്ങാനും പക്ഷികളുടെ ചിലമ്പലുകള്‍ കേട്ടുണരാനും സഞ്ചാരികളുടെ തിരക്കാണ്.
കല്ലാറിന്റെ തീരത്ത് മരങ്ങള്‍ക്ക് മുകളില്‍ ബാംബൂ ഹട്ടുകളിലെ താമസവും അവിസ്മരണീയമായ അനുഭവമാണ്. മണ്‍സൂണ്‍ കാലമാണ് അടവി ആസ്വദിക്കാന്‍ പറ്റിയ സമയം. കല്ലാറിലെ തെളിഞ്ഞ വെള്ളവും ചുറ്റുമുള്ള പച്ചപ്പുമൊക്കെയായി നല്ലൊരു വിരുന്നാകും പ്രകൃതി ഒരുക്കി വച്ചിരിക്കുക. പേരുവാലിയിലെ മുളംകുടിലുകളിലെ താമസവും വനവികസന സമിതിയിലെ വനിതകള്‍ നടത്തുന്ന ആരണ്യകം ഇക്കോ കഫേയിലെ നാടന്‍ ഭക്ഷണവും പുത്തന്‍ അനുഭവമേകും.