പത്തനംതിട്ട: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ -ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് നല്കിയ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിത കര്‍മ്മ സേന വഴി യൂസര്‍ ഫീ നിര്‍ബന്ധമായി സ്വീകരിച്ചിട്ടും ജൈവ-അജൈവ മാലിന്യനിര്‍മാര്‍ജന സേവനം ഹരിതകര്‍മസേന നല്കുന്നുമില്ലെന്ന ബാര്‍ബര്‍ – ബ്യൂട്ടീഷന്‍സ് അസോസിയേഷന്റെ ആരോപണത്തെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒട്ടുമിക്ക സ്ഥലത്തും ഇതാണ് അവസ്ഥ. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ മേഖലകളിലെ പ്രധാന പട്ടണങ്ങളില്‍ പോലും ജൈവ-അജൈവ മാലിന്യം നീക്കം ചെയ്യാന്‍ വേസ്റ്റ് ബിന്നുകളോ മറ്റ് സംവിധാനങ്ങളോ ഇല്ല.
മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുക്കാമെന്നാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പറയുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിയല്ലാതെ മറ്റ് മാലിന്യങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ഹരിത കര്‍മ്മസേനക്ക് കൃത്യമായി യൂസര്‍ ഫീ നല്‍കുകയും വേണമെന്ന നിലപാടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക്തദ്ദേശ സ്ഥാപന സേവനങ്ങള്‍ നല്‍കില്ല. അതു കൊണ്ടു തന്നെ യൂസര്‍ ഫീ നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. യൂസര്‍ ഫീ വാങ്ങുമ്പോള്‍ സേവനം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. ബാര്‍ബര്‍ -ബ്യൂട്ടീഷന്‍സ് സ്ഥാപനങ്ങള്‍ മുടി മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാതെ വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ സ്ഥാപനങ്ങളില്‍ സേവനം ലഭ്യമാക്കാതെ യൂസര്‍ ഫീ വാങ്ങുന്നതിനെതിരെയാണ് സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളതും.
ജില്ലാ പ്രസിഡന്റ് ടി.എന്‍. വിനോദിന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മുരൂകേശന്‍, ട്രഷറര്‍ കെ. കണ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എന്‍. ശശികുമാര്‍, ജില്ലാ നേതാക്കളായ എന്‍. വിശ്വംഭരന്‍, വി. പുഷ്പകുമാര്‍, എ. മുത്തുകൃഷ്ണന്‍, എന്‍. മുരൂകേശന്‍, ഐ. ഇളങ്ങോ, എസ്. ചന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.