അടൂര്‍: ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം മരിഗാവോണ്‍ ചാരായ്ബഹി ലാഹൗരിഗട്ട് പലഹ്ജരി സ്വദേശി ഫക്രുദ്ദീന്‍ അലി(30)യെയാണ് ജില്ലാ ഡാന്‍സാഫ് സംഘവും ലോക്കല്‍
പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 11 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി വി.അജിത്തിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ സംയുക്ത നീക്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് പഴകുളം ഭവദാസന്‍ മുക്കിന് സമീപത്തു നിന്നുമാണ് യുവാവിനെ പിടികൂടിത്. അവിടെ ഇയാള്‍ ഇതര സംസ്ഥാന
തൊഴിലാളികള്‍ക്കൊപ്പം വാടകയ്ക്ക് താമസിച്ചുവരികയാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ഫ 3.60 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഫക്രുദ്ദീനേയും കൂടെ താമസിച്ചുവന്ന ഫരീദ ഘട്ടുന്‍ എന്ന സ്ത്രീയെയും ഫവടക്കടത്തുകാവിലുള്ള വാടക വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങി തുടര്‍ന്നും ലഹരിമരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെട്ടുവരികയാണ് ഇയാള്‍. അടൂര്‍ ഡിവൈഎസ്പി നിയാസിന്റെയും ഡാന്‍സാഫ് നോഡല്‍ ഓഫീസര്‍ ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്. പി ജെ. ഉമേഷ് കുമാറിന്റെയും നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി, എസ്.ഐ.കെ.എസ്.ധന്യ, എസ്.സി.പി.ഓ സുനില്‍, സി.പി.ഓമാരായ രാഹുല്‍, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ലഹരിമരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പരിശോധന പോലീസ് ശക്തമായി നടത്തിവരികയാണ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടൂര്‍ പന്തളം ഭാഗങ്ങളില്‍ നിന്നും അടുത്തിടെയും ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും ചേര്‍ന്ന് കഞ്ചാവ് കച്ചവടക്കാരെ പിടികൂടിയിരുന്നു. പന്തളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കത്തിക്കല്‍ കേസില്‍ പ്രതിയായ യുവാവിനെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തപ്പോള്‍ കഞ്ചാവ് കണ്ടെടുത്തിരുന്നു. ഇയാള്‍ മുമ്പും കഞ്ചാവ് കൈവശം വച്ചതിന് ഡാന്‍സാഫ് സംഘം പിടികൂടിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം, ലഹരിമരുന്നുകളുടെ വില്പനയും കൈമാറ്റവും തടയുന്നതിന് സ്‌കൂളുകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സംഘം പ്രത്യേകം പരിശോധനകള്‍ നടത്തിവരികയാണ്.