മേപ്പാടി: രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും സങ്കടകരമായ ദുരന്തമാണ് മുണ്ടക്കൈയിലേതെന്നും ദുരന്തത്തിനിരയായവരുടെ മൂമ്ബോട്ടുള്ള ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍.
മുണ്ടക്കൈ, ചൂരല്‍മല പ്രദേത്തെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. മുണ്ടക്കൈയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ കൂടി ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷനില്‍ നിന്നും ആദ്യഘട്ടത്തില്‍ മൂന്ന്‌കോടി രൂപ സഹായവും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.
സ്ഥലത്ത് പോയി കണ്ടാല്‍ മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് അറിയാനാകൂ. ഒരുപാട് പേര്‍ക്ക് വീടും സമ്ബാദ്യവും നഷ്ടമായി. നാമെല്ലാം ചേര്‍ന്ന് അവരെ ഉയര്‍ത്തിയെടുക്കണം. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും സൂപ്പര്‍താരം മറന്നില്ല. ദുരന്തഭൂമിയില്‍ താന്‍ കൂടി ഉള്‍പ്പെട്ടെ ബറ്റാലിയന്‍ അടക്കമുള്ള സൈന്യവും മറ്റ് ദൗത്യസംഘങ്ങളും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. ദുരിതാശ്വാസത്തിന് ഒരു കല്ലെടുത്തു വെയ്ക്കുന്ന കുട്ടി പോലും ഇതിന്റെ ഭാഗമാകുന്നു. ബെയ്‌ലി പാലം നിര്‍മ്മിച്ച സൈന്യത്തിന് പ്രത്യേക നന്ദിയും പറഞ്ഞു. പാലമില്ലായിരുന്നെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒന്നും സാധ്യമാകുമായിരുന്നില്ലെന്നും പറഞ്ഞു.
ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇനിയും ഇത്തരമൊരു പ്രകൃതി ദുരന്തം ഇനിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നേരത്തേ ദൗത്യസംഘത്തിന് പ്രചോദനമേകാന്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ എത്തിയിരുന്നു. മേപ്പാടിയില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്ബില്‍ എത്തിയ മോഹന്‍ലാല്‍ സൈന്യത്തിന്റെ അകമ്ബടിയോടെയാണ് ദുരന്തഭൂമിയില്‍ എത്തിയത്. മുണ്ടക്കൈയിലും ചൂരല്‍മലയിലും എത്തിയ താരം രക്ഷാപ്രവര്‍ത്തകരും സൈനികരുമായി സംസാരിച്ചു. മുമ്ബ് പല തവണ സിനിമയുടെ ഷൂട്ടിംഗും സന്ദര്‍ശനത്തിനുമായും സൂപ്പര്‍താരം എത്തിയിട്ടുള്ള സ്ഥലമാണ് മുണ്ടക്കൈ പ്രദേശം. രക്ഷാപ്രവര്‍ത്തനം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.