പത്തനംതിട്ട : പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം നെടുമൺ പത്മ വിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26)യാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണൻ്റെ ഭാര്യ ശില്പ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടിൽ വച്ചാണ് സംഭവം.
മദ്യപിച്ചെത്തിയ ഇയാൾ, ഭാര്യയുടേയും ഭാര്യാമാതാവിൻ്റേയും മുൻപിൽ വച്ച്, കട്ടിലിൽ കിടന്ന 29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാലുകളിൽ പിടിച്ചുയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. നിലവിളിച്ചുകൊണ്ട് ശില്പ കുഞ്ഞിനെ ബലമായി അനന്തകൃഷ്ണൻ്റെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി. തുടർന്ന് വീട്ടുകാർ അടൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി.
ഇയാൾ പോലീസിനെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റുകയായിരുന്നു. സ്റ്റേഷനിലേക്ക് വരും വഴി യുവാവ് ജീപ്പിൻ്റെ പിറകിലെ ചില്ല് തല വച്ചും കൈ വച്ചും ഇടിച്ച് പൊട്ടിച്ചു. ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചതിനും, ജോലി തടസപ്പെടുത്തിയതിനും, പോലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്യാംമുരളി,എസ് ഐ ബാലസുബ്രഹ്മണ്യൻ, എസ് സി പി ഒ ബി മുജീബ്, സി പി ഓ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.