
പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷന് എതിര്‍വശം കെ.എസ്.ആര്‍.ടി.സി റോഡില്‍ പൈപ്പ് പൊട്ടിയുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. കാഴ്ചപരിമിതന്‍ കുഴിയില്‍ വീണെങ്കിലും വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച അതിരാവിലെയാണു പൈപ്പ് പൊട്ടിയത്. അതിശക്തമായ പൊട്ടലില്‍ റോഡിന്റെ വശത്ത് ഗര്‍ത്തം രൂപം കൊണ്ടു കടകളിലേക്ക് വെള്ളം ഇരച്ചു കയറി നാശനഷ്ടം നേരിട്ടു. തുണിക്കടകളില്‍ തുണി നനഞ്ഞു. മൊബൈല്‍ കടകള്‍ ഉള്‍പ്പെടെ വെള്ളംകയറി നാശം സംഭവിച്ചു. ജലവിതരണം നിര്‍ത്തി വച്ചെങ്കിലും റോഡിലുണ്ടായ കുഴി അടയ്ക്കാന്‍ തയാറായില്ല.
കുഴിക്ക് ചുറ്റും പ്ലാസ്റ്റിക് റിബണ്‍ വലിച്ചു കെട്ടി, കോണും കൊടിയു വച്ച് അപകടമുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇക്കാര്യമറിയാതെ നടന്നു വന്ന കാഴ്ചപരിമിതനാണ് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഗര്‍ത്തത്തില്‍ വീണത്. സമീപത്തെ കടയിലുള്ളവര്‍ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചു കയറ്റുകയായിരുന്നു. പരുക്കുകളൊന്നും ഉണ്ടായില്ല. ഈ ഭാഗത്ത് കൂടി സഞ്ചരിക്കാനും പറ്റാത്ത സ്ഥിതിയാണിപ്പോള്‍. പൈപ്പ് പൊട്ടിയതോടെ നഗരത്തില്‍ ഒട്ടുമിക്ക ഭാഗത്തും കുടിവെള്ള വിതരണവും മുടങ്ങി. നോയമ്പ് മാസത്തില്‍ വെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ട ്അനുഭവിക്കുകയാണ്. അടുത്തിടെ പുതുക്കി നിര്‍മിച്ച റോഡിലാണ് പൈപ്പ് പൊട്ടി വന്‍കുഴി രൂപപ്പെട്ടത്. രണ്ടു ദിവസം മുന്‍പ് ചെറിയ രീതിയില്‍ ഈ ഭാഗത്ത് വെള്ളം ഒഴുകിയിരുന്നു. പിന്നീടാണ് ശക്തമായി പൊട്ടി ജലം കുത്തിയൊഴുകിയത്.
റോഡ് പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ജലഅതോറിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ടാറിങ് പൂര്‍ത്തിയായി അധികനാള്‍ കഴിയും മുന്‍പെ നഗരത്തിലെ പല ഭാഗത്തും പൈപ്പ് പൊട്ടി റോഡു തകരുന്നുണ്ട്. പഴയ പൈപ്പുകളാണ് പലയിടത്തുമുള്ളത്. ചിലയിടങ്ങളില്‍ പുതിയതും പഴയതുമായ പൈപ്പുകള്‍ സംയോജിപ്പിക്കുന്നതും പൊട്ടുന്നതിന് കാരണമാകുന്നതായി പരാതിയുണ്ട്. നോയമ്പ് മാസത്തില്‍ വെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എത്രയും പെട്ടെന്ന് ശരിയാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഷുക്കൂര്‍ ആവശ്യപ്പെട്ടു.