റാന്നി പെരുനാട്: വീടിനടിയിലേക്ക് നീളുന്ന ഗര്‍ത്തം രൂപം കൊണ്ടു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കക്കാട് കോട്ടുപ്പാറ ലിറ്റില്‍ ഫ്‌ളവറില്‍ അശ്വതി ഭവന്‍ വീട്ടില്‍ മോഹിനി രാജുവിന്റെ വീടിനോട് ചേര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മണ്ണിടിഞ്ഞ് ചെറിയ കുഴികള്‍ മുറ്റത്ത് ഉണ്ടാകുന്നുണ്ടായിരുന്നു ആ ഭാഗങ്ങളില്‍ കല്ലും അതുപോലെ പൊട്ടിയ ടൈല്‍സ് കഷണങ്ങളും ഇട്ട് നികത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഏകദേശം ഒന്നര അടി വിസ്തൃതിയില്‍ മണ്ണ് ഉള്ളിലോട്ട് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത്.
ഈ ഗര്‍ത്തം ഏകദേശം മൂന്ന് മീറ്ററോളം വീടിനടിയിലേക്ക് വ്യാപിച്ചു കിടക്കുകയാണ്. ഏതുസമയം വീട് ഇടിഞ്ഞ് വീഴും എന്ന ഭീതിയിലാണ് വീട്ടുകാര്‍ കഴിയുന്നത്. ഈ വീട്ടില്‍ മോഹിനിയും കിടപ്പുരോഗികളായ മോഹിനിയുടെ ഭര്‍ത്താവ് രാജുവും അമ്മയും മാത്രമാണ് താമസം. വിവരം പഞ്ചായത്ത് മെമ്പര്‍ അരുണ്‍ അനിരുദ്ധനെ അറിയിക്കുകയും അദ്ദേഹം നേരില്‍ പോയി സ്ഥലം സന്ദര്‍ശിക്കുകയും വിവരം പഞ്ചായത്തിനെയും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനേയും അറിയിച്ചിട്ടുണ്ട്.