ശബരിമല: തിരുവനന്തപുരത്ത് നിന്നും 200 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടി ദീര്‍ഘദൂര ഓട്ടക്കാരന്‍ ബാഹുലേയനും സുഹൃത്ത് ബിനുവും ശബരീശ ദര്‍ശനം നടത്തി. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും വ്യാഴാഴ്ച രാവിലെ 10ന് കെട്ട് നിറച്ചാണ് ഇവര്‍ ശബരിമലയിലേക്ക് ഓടിയെത്തിയത്.
കടുത്ത ചൂട് വകവെയ്ക്കാതെ നഗ്‌നപാദരായാണ് ഇരുവരും ഓടി എത്തിയത്. രാപ പകല്‍ വിശ്രമമില്ലാതെ ഓടിയാണ് ശബരീശ സന്നിധിയില്‍ എത്തിയത്. പാറശാല മുതല്‍ കാസര്‍ഗോഡ് വരെ 660 കിലോമീറ്റര്‍ ഒന്‍പത് ദിവസം കൊണ്ട് ഓടി ധനുവച്ചപുരം വൈദ്യന്‍ ബ്ലാഹത്ത് ബാഹുലേയന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ ധനസഹായാര്‍ത്ഥം പാറശാല മുതല്‍ കോഴിക്കോട് വരെ നിരവധി തവണ ബാഹുലേയന്‍ ഓടിയിട്ടുണ്ട്.
സംസ്ഥാന അമച്വര്‍ മീറ്റില്‍ 1500 മീറ്ററിലും 5000 മീറ്ററിലും ഒന്നാം സ്ഥാനം ഇദ്ദേഹം നേടിയിട്ടുണ്ട്. ദേശീയ ട്രാവന്‍കൂര്‍ മാരത്തോണില്‍ കേരളത്തിനായി മൂന്ന് തവണ പങ്കെടുത്തു. സൗത്ത് സോണ്‍ 3000 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ധനുവച്ചപുരം ക്ടാരിക്കുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് 367 കിലോമീറ്റര്‍ ദൂരം രണ്ടര ദിവസം കൊണ്ട് ഓടി എത്തി. നെയ്യാറ്റിന്‍കരയില്‍ നിന്നും എടത്വ പള്ളിയിലേക്ക് രണ്ട് ദിവസം കൊണ്ട് ഓടി എത്തിയിട്ടുണ്ട്. കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാരനാണ് ബാഹുലേയന്‍.