സര്‍ക്കാര്‍ ഹോമിയോ ആശുപത്രി പരിസരത്ത് നിന്ന കുലകള്‍ ആശുപത്രി വികസന സമിതി അംഗം വെട്ടിവിറ്റു: വിവാദമായപ്പോള്‍ ബില്‍ ഹാജരാക്കി തലയൂരാന്‍ ശ്രമം

0 second read
Comments Off on സര്‍ക്കാര്‍ ഹോമിയോ ആശുപത്രി പരിസരത്ത് നിന്ന കുലകള്‍ ആശുപത്രി വികസന സമിതി അംഗം വെട്ടിവിറ്റു: വിവാദമായപ്പോള്‍ ബില്‍ ഹാജരാക്കി തലയൂരാന്‍ ശ്രമം
0

ഇടുക്കി: ഹോമിയോ ഡിസ്‌പെന്‍സറി വക സ്ഥലത്ത് നിന്ന്  വാഴക്കുലകള്‍ എച്ച്.എം.സി അംഗം ജീവനക്കാരിയുടെ സഹായത്തോടെ വെട്ടി കടത്തി. സംഗതി പിടിക്കപ്പെട്ടതോടെ കടത്തിയ ഒമ്പത് കുലയ്ക്ക് 248 രൂപയുടെ ബില്ല് ഹാജരാക്കി തലയൂരാനും ശ്രമം. വലിയതോവാള മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയിലാണ് സംഭവം.ആശുപത്രിയോട് ചേര്‍ന്ന് കാടുപിടിച്ച് കിടന്ന സ്ഥലത്ത് ആശുപത്രി വികസന സമിതിയുടെ തീരുമാന പ്രകാരം  ഏത്തവാഴ കൃഷി ചെയ്തിരുന്നു.

വിളവെടുപ്പിന് പാകമായ വാഴ കുലകള്‍  കാണാതാവുകയായിരുന്നു. ഇവ മോഷണം പോയതാണെന്നായിരുന്നു ആദ്യം ജീവനക്കാര്‍ കരുതിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരിയുടെ അറിവോടെ എച്ച്.എം.സി മെമ്പര്‍  കുല വെട്ടിക്കൊണ്ടുപോയതായും അവ കായ വിലയ്ക്ക് വിറ്റതായും കണ്ടെത്തിയത്. സംഭവം വിവാദമായതോടെ തീയതി രേഖപ്പെടുത്താത്ത ബില്ല് എച്ച്. എം.സിയില്‍ നല്കി. കൃഷിയ്ക്കായി 1600 രൂപ ചെലവായതായും  അതുമായി ബന്ധപ്പെട്ട ബില്‍ താമസിയാതെ എത്തിക്കാമെന്ന് എച്ച്.എം.സി യോഗത്തില്‍  ഉറപ്പു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നല്കിയിട്ടില്ലെന്നാണ് അറിയുന്നത്.

അതെ സമയം ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അറ്റകുറ്റപ്പണി അന്വേഷിക്കുവാന്‍ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ കുലകള്‍ കാണാതായതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  ബോധ്യപ്പെടുത്തിയിരുന്നെങ്കിലും സിപിഎം നേതാവായ വികസന സമിതി അംഗത്തെ രക്ഷപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. എന്നാല്‍, വാഴക്കുലകള്‍ മോഷണം പോയ വിവരം പൊലീസ് സ്‌റ്റേഷനിലും ഡിഎം ഓഫീസിലും അറിയിക്കണമെന്ന് തീരുമാനിച്ചിരിക്കേയാണ് എച്ച്.എം.സി അംഗം കുറ്റമേറ്റത്.

ജീവനക്കാരിയുടെ കൃത്യവിലോപം സംബന്ധിച്ചും വാഴക്കുല വെട്ടിക്കടത്താന്‍ സഹായം ചെയ്തതിനും  കാരണം കാണിക്കല്‍ നോട്ടീസ് നല്കിയെങ്കിലും ജീവനക്കാരിക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വിവരം മറച്ചുവച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധിയില്‍ നിന്നും ഇവര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു. പരാതി ഉയര്‍ന്നതോടെ കൈപ്പറ്റിയ തുക തിരിച്ചടച്ച് നടപടികളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.  പ്രാദേശിക സിപിഐ നേതാവിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ ക്ഷേമനിധിയില്‍ അംഗത്വമെടുത്തതെന്നാണ് വിവരം.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…